തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ വീണ്ടും കേസ്. ജോലിക്കായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ സംഭവത്തിലാണ് പൊലീസ് കേസെടുത്തത്. സ്പെയസ് പാര്‍ക്ക് ഓപ്പറേഷന്‍ മാനേജര്‍ തസ്തികക്കു വേണ്ടിയാണ് വ്യാജരേഖ നല്‍കിയത്. പ്രൈസ് വാട്ടര്‍ കൂപ്പര്‍, വിഷന്‍ ടെക്നോളജി എന്നീ സ്ഥാപനങ്ങളും പ്രതികളാണ്.

ഐടി ജോലിക്കായി സ്വപ്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ സംഭവം വലിയ വിവാദമായിരുന്നു. അതേസമയം, സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയില്‍ വാങ്ങി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഒരാഴ്ചത്തേക്കാണ് എന്‍ഐഎ പ്രത്യേക കോടതി കസ്റ്റഡിയില്‍ വിട്ടത്.

ദേശീയ അന്വേഷണ ഏജന്‍സി ഓഫീസിലെത്തിക്കുന്ന പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും. നിര്‍ണ്ണായക മൊഴികളും തെളിവുകളുമാണ് എന്‍ഐഎ പ്രതീക്ഷിക്കുന്നത്. നയതന്ത്ര ബാഗേജില്‍ ഒളിപ്പിച്ച്‌ സ്വര്‍ണം കടത്താന്‍ വ്യാജ രേഖ ഉണ്ടാക്കിയത് അടക്കമുള്ള കാര്യങ്ങളിലാണ് പ്രതികള്‍ക്കെതിരെ അന്വേഷണം നടക്കുക. യുഎഇ കേന്ദ്രീകരിച്ചാണ് വ്യാജ രേഖ ഉണ്ടാക്കിയിട്ടുള്ളത്. എംബസിയുടെ എംബ്ലവും സീലും അടക്കം വ്യാജമായാണ് നിര്‍മ്മിച്ചിട്ടുള്ളത്. നയതന്ത്ര പരിരക്ഷയോടെ ബാഗ് അയക്കുന്നതിനാണ് വ്യാജ രേഖ ഉണ്ടാക്കിയിട്ടുള്ളതെന്നും ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്.