തലസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നിലവില്‍ വന്നു. അതിതീവ്ര രോഗ ബാധിത മേഖലകള്‍ ഒഴികെയുള്ള നഗരസഭാ പരിധിയില്‍ കടകള്‍ രാവിലെ 7 മുതല്‍ 12 വരെ പ്രവര്‍ത്തിച്ചു. വൈകുന്നേരം 4 മുതല്‍ 6 വരെയും പ്രവര്‍ത്തനാനുമതിയുണ്ട്. സര്‍ക്കാര്‍ ഓഫിസുകളില്‍ ജീവനക്കാരെത്തി. ഓട്ടോ ടാക്സി ഒഴികെയുള്ള പൊതുഗതാഗതത്തിന് അനുമതിയില്ല. അതേ സമയം തലസ്ഥാനത്തെ തീരദേശ മേഖലയില്‍ രോഗ വ്യാപനം കൂടുന്നത് ജില്ലാ ഭരണകൂടത്തിന് ആശങ്കയാകുന്നു.

തലസ്ഥാനത്ത് ഇന്നലെ നാല്‍പ്പത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ 13 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇവരുടെ സമ്ബര്‍ക്കപ്പട്ടിക പൂര്‍ത്തിയാക്കാനാകാതെ കുഴയുകയാണ് ജില്ലാ ഭരണകൂടം. പലര്‍ക്കും യാത്രാ പശ്ചാത്തലമില്ലാത്ത രോഗ വ്യാപനത്തിന്റെ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അതിര്‍ത്തി പ്രദേശമായ പാറശാലയില്‍ കഴിഞ്ഞ പതിനൊന്ന് ദിവസങ്ങള്‍ക്കിടെ 9 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. പഞ്ചായത്തില്‍ ലോക് ഡൗണ്‍ വേണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ പൂന്തുറയില്‍ സമ്ബര്‍ക്ക രോഗബാധിതരുണ്ടായിരുന്നില്ല. ആന്റിജന്‍ പരിശോധന രണ്ട് ദിവസം നടന്നിരുന്നില്ല.

എന്നാല്‍, ആന്റിജന്‍ പരിശോധന പുനരാരംഭിച്ചതിനാല്‍ ഇന്ന് കൂടുതല്‍ കേസുകള്‍ ഉണ്ടാകാനാണ് സാധ്യതയെന്ന് ജില്ലാ ആരോഗ്യ വിഭാഗം വിലയിരുത്തുന്നു. ഇന്നലെ സമ്ബര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവരില്‍ ചിലര്‍ തീരദേശ പ്രദേശങ്ങളായ പുല്ലുവിള, വള്ളക്കടവ്, ബീമാപള്ളി, ഫോര്‍ട്ട്, കോട്ടപുരം മേഖലകളിലുണ്ട്. ഇതില്‍ ഉറവിടം വ്യക്തമല്ലാത്ത കേസുകളുമുണ്ട്. തീരദേശത്ത് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് ജില്ലാ ഭരണകൂടം.