നായകനെന്ന നിലയില്‍ മഹേന്ദ്ര സിങ് ധോണി ഭാഗ്യവാനാണെന്നാണ് ഗൗതം ഗംഭീര്‍ അഭിപ്രായപ്പെടുന്നത്. കാരണം സൗരവ് ഗാംഗുലിയുടെ കഠിനാധ്വാനമാണ് ധോണിയുടെ നേട്ടങ്ങളിലേക്ക് നയിച്ചതെന്നായിരുന്നു ഗംഭീറിന്റെ വാദം. എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഗാംഗുലിയേക്കാള്‍ മികച്ച നായകന്‍ ധോണി തന്നെയാണെന്നാണ് ഗംഭീര്‍ പറയുന്നത്.

“വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ സൗരവ് ഗാംഗുലിയേക്കാള്‍ മികച്ച ക്യാപ്റ്റനായിരുന്നു എം‌.എസ്.ധോണി, പ്രത്യേകിച്ചും ട്രോഫികളെക്കുറിച്ച്‌ മാത്രം പറഞ്ഞാല്‍. ടി20 ലോകകപ്പ്, ചാമ്ബ്യന്‍സ് ട്രോഫി, ഏകദിന ലോകകപ്പ് – ഇതെല്ലാം ധോണി നേടിയതിനാല്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ വിജയിക്കാന്‍ മറ്റൊന്നുമില്ല,” ഗംഭീര്‍ പറഞ്ഞു.

സ്റ്റാര്‍ സ്‌പോര്‍ട്‌സി’ന്റെ ‘ക്രിക്കറ്റ് കണക്റ്റ്’ ഷോയില്‍ സംസാരിക്കുകയായിരുന്നു ഗംഭീര്‍ “എല്ലാ ഫോര്‍മാറ്റിലും അതിശയകരമായ ഒരു ടീമിനെ ലഭിച്ചതിനാല്‍ ധോണി വളരെ ഭാഗ്യവാനായ ക്യാപ്റ്റനാണ്,” ഗംഭീര്‍ പറഞ്ഞു.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, യുവരാജ് സിങ്ങ്, വിരേന്ദര്‍ സെവാഗ്, യൂസഫ് പത്താന്‍, വിരാട് കോഹ്‌ലി എന്നിവരും താനും അടക്കമുള്ള കളിക്കാര്‍ ഉണ്ടായിരുന്നതിനാല്‍ 2011 ലോകകപ്പ് ടീമിനെ നയിക്കുന്നത് ധോണിക്ക് വളരെ എളുപ്പമായിരുന്നുവെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടു. ഇതിനായി ഗാംഗുലിക്ക് വളരെയധികം പരിശ്രമിക്കേണ്ടിവന്നു, അതിന്റെ ഫലമായാണ് ധോണി നിരവധി ട്രോഫികള്‍ നേടിയതെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

“ടെസ്റ്റ് ക്രിക്കറ്റില്‍ ധോണി ഇത്രയും വിജയകരമായ ക്യാപ്റ്റനാകാന്‍ കാരണം സഹീര്‍ ഖാനാണ്. ധോണിക്ക് ലഭിച്ച ഒരു വലിയ അനുഗ്രഹമായിരുന്നു അദ്ദേഹം, അതിനുള്ള ബഹുമതി ഗാംഗുലിക്ക് ആണ്. എന്റെ അഭിപ്രായത്തില്‍ സഹീര്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ലോകോത്തര ബോളറാണ്,” അദ്ദേഹം പറഞ്ഞു.