ഇന്ത്യയുടെ ഡിജിറ്റല്‍ ഇക്കോണമിയെ ശക്തിപ്പെടുത്താന്‍ വന്‍കിട നിക്ഷേപത്തിനൊരുങ്ങി ഗൂഗിള്‍. രാജ്യത്തെ ഡിജിറ്റല്‍ സമ്ബദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ വേഗത പകരാന്‍ 10 ബില്ല്യണ്‍ ഡോളര്‍ (75,000 കോടി രൂപ) നിക്ഷേപം ഗൂഗിള്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ ആശയങ്ങളെ തങ്ങള്‍ ഏറെ അഭിമാനിക്കുന്നു എന്നാണ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ അറിയിച്ചു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്

അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ 75,000 കോടി രൂപ ഇന്ത്യയില്‍ ചെലവഴിക്കാനാണ് ഗൂഗിള്‍ ഒരുങ്ങുന്നത്. നിക്ഷേപം, പങ്കാളിത്തം, അടിസ്ഥാനസൗകര്യവികസനം എന്നീ മേഖലകളിലാവും ഈ തുക ചെലവഴിക്കുക.

പ്രാദേശിക ഭാഷകളില്‍ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക, ഇന്ത്യക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുക, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷനെ സഹായിക്കുന്ന വ്യവസായങ്ങളെ പിന്തുണയ്ക്കുക, ആരോഗ്യം, വിദ്യാഭ്യാസം, കാര്‍ഷികമേഖലകളിലെ ഡിജിറ്റല്‍ നിക്ഷേപം തുടങ്ങിയവയിലാവും ഗൂഗിള്‍ നിക്ഷേപം ശ്രദ്ധകേന്ദ്രീകരിക്കുകയെന്ന് സുന്ദര്‍ പിച്ചൈ വ്യക്തമാക്കി.

കോവിഡ് പശ്ചത്താലത്തിലെ പ്രത്യേക സാഹചര്യങ്ങളെ കുറിച്ചും സുന്ദര്‍ പിച്ചൈ പറഞ്ഞു. ഈ ഘട്ടത്തില്‍ ഓണ്‍ലൈന്‍ ആകുക എന്നത് ഏറെ പലരെ സംബന്ധിച്ചും ഒരു പിടിവള്ളിയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഡിജിറ്റൈസേഷന്‍ മേഖലയില്‍ 2004 മുതല്‍ ഗൂഗിള്‍ പങ്കാളികളാണ്. അതില്‍ തങ്ങള്‍ അഭിമാനിക്കുന്നതായി സുന്ദര്‍ പിച്ചൈ പറഞ്ഞു.

ഇന്റര്‍നെറ്റ് സാഥിയെ കുറിച്ചും ടെക്‌നോളജി മേഖലയില്‍ കൊണ്ടുവന്ന മാറ്റങ്ങളെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു . ഏറ്റവും ഒടുവില്‍ ഭീം-യുപിഐയുമായി സഹകരിച്ച്‌ കൊണ്ടുവന്ന ജി-പേയെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.