കാഠ്മണ്ഡു| നേപ്പാളിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ നാല് ദിവസത്തിനിടെയുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 60 പേര്‍ മരിച്ചു. 41പേരെ കാണാതായി. പശ്ചിമ നേപ്പാളിലെ മിയാഗ്ദി ജില്ലയിലാണ് പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ഇവിടെ മാത്രം 27 പേരാണ് മരിച്ചത്. പോലീസിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്.

മണ്ണിടിച്ചിലില്‍ വീടുകള്‍ നഷ്ടപ്പെട്ടവരെ പ്രാദേശിക സ്‌കൂളിലേക്കും കമ്മ്യൂണിറ്റി സെന്ററുകളിലേക്കും മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. മണ്ണിടിയാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആയിരത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു. ആദ്യ ഘട്ടത്തില്‍ 30-35 മണിക്കൂര്‍ സമയമെടുത്താണ് പരുക്കേറ്റവരെ രക്ഷപ്പെടുത്തിയത്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പ്രദേശവാസി പറഞ്ഞു. മിയാഗ്ദിയിലെ രണ്ട് ഗ്രാമങ്ങള്‍ പൂര്‍ണമായും ഒലിച്ചുപോയിട്ടുണ്ട്.

ഹിമാലയന്‍ രാജ്യമായ നേപ്പാളില്‍ മണ്‍സൂണ്‍ കാലത്ത് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമാണ്. എന്നാല്‍ ആഗോള മഹാമാരിക്കിടെയുണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍ സ്ഥിതി രൂക്ഷമാക്കുകയാണ്.