ലോസ്‌ആഞ്ചലസ് : നടിയും പ്രശസ്ത ഹോളിവുഡ് നടന്‍ ജോണ്‍ ട്രവോള്‍ട്ടയുടെ ഭാര്യയുമായ കെല്ലി പ്രിസ്‌റ്റണ്‍ അന്തരിച്ചു. 57 വയസായിരുന്നു. രണ്ട് വര്‍ഷമായി സ്തനാര്‍ബുദ രോഗത്തിന്റെ പിടിയിലായിരുന്നു. ജോണ്‍ ട്രവോള്‍ട്ട ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് കെല്ലിയുടെ മരണവാര്‍ത്ത പുറത്തുവിട്ടത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു മരണമെന്ന് കുടുംബ പ്രതിനിധി അറിയിച്ചു.

ട്വിന്‍സ്, ഫ്രം ഡ‌സ്‌റ്റ് റ്റില്‍ ഡോണ്‍, ജെറി മഗ്വൈര്‍, ദ ക്യാറ്റ് ഇന്‍ ദ ഹാറ്റ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഭര്‍ത്താവ് ജോണ്‍ ട്രവോള്‍ട്ടയ്ക്കൊപ്പം ദ എക്സ്പേര്‍ട്ട്സ്, ബാറ്റില്‍ഫീല്‍ഡ് ഏര്‍ത്ത്, ഓള്‍ഡ് ഡോഗ്സ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ജോണ്‍ ട്രവോള്‍ട്ടയ്ക്കൊപ്പം അഭിനയിച്ച 2018ല്‍ പുറത്തിറങ്ങിയ ക്രൈം ബയോ പിക് ആയ ഗോട്ടിയിലാണ് കെല്ലി അവസാനമായി പ്രത്യക്ഷപ്പെട്ടത്.

1962ല്‍ ഹവായിയിലെ ഹോണോലുലുവില്‍ ജനിച്ച കെല്ലി പ്രിസ്‌റ്റണിന്റെ യഥാര്‍ത്ഥ പേര് കെല്ലി കാമലേലേഹുവാ സ്മിത്ത് എന്നാണ്. ടെന്‍ ടു മിഡ്നൈറ്റ് ( 1983 ) ആണ് ആദ്യ ചിത്രം. 1991ലാണ് ട്രവോള്‍ട്ടയും കെല്ലിയും വിവാഹിതരായത്.

ദമ്ബതികളുടെ മകന്‍ ജെറ്റ് ട്രവോള്‍ട്ട 2009ല്‍ 16ാം വയസിലാണ് മരിച്ചത്. എല്ല ബ്ല്യൂ, ബെഞ്ചമിന്‍ എന്നിവരാണ് മറ്റ് മക്കള്‍.