ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയില്‍ വിശ്വാസികള്‍ പ്രഭാത ബലിക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെ കത്തോലിക്ക ദേവാലയത്തിനുള്ളിലേക്ക് വാഹനമോടിച്ചു കയറ്റി യുവാവിന്റെ അക്രമം. ദേവാലയത്തിനുള്ളിലേക്ക് മിനി വാന്‍ ഇടിപ്പിച്ചു കയറ്റിയ യുവാവ് തീകൊളുത്തുവാന്‍ ശ്രമം നടത്തി. ഫ്ലോറിഡയിലെ ഒക്കാലയില്‍ 6455 എസ്.ഡബ്ലിയു സ്റ്റേറ്റ് റോഡ്‌ 200-ല്‍ സ്ഥിതി ചെയ്യുന്ന ‘ക്വീന്‍ ഓഫ് പീസ്‌’ ദേവാലയത്തിലാണ് സ്റ്റീവന്‍ എന്ന യുവാവ് തീകൊളുത്തുവാന്‍ ശ്രമിച്ചതെന്ന് മാരിയോണ്‍ കൗണ്ടി പോലീസ് വ്യക്തമാക്കി.

ഗാസോലിന്‍ എറിഞ്ഞാണ് അഗ്നിക്കിരയാക്കുവാന്‍ ശ്രമം നടത്തിയത്. ആക്രമണം നടത്തിയ ശേഷം തന്റെ വാഹനത്തില്‍ കുതിച്ചു പാഞ്ഞ യുവാവിനെ ഏറെ ദൂരം പിന്തുടര്‍ന്നതിന് ശേഷമാണ് പോലീസ് കീഴടക്കിയത്. ആര്‍ക്കും പരിക്കേല്‍ക്കാത്തതിന് തങ്ങള്‍ ദൈവത്തോട് നന്ദി പറയുന്നുവെന്നും, ക്വീന്‍ ഓഫ് പീസ്‌ ഇടവകക്ക് വേണ്ടിയും അതിക്രമം നടത്തിയ യുവാവിന് വേണ്ടിയും പ്രാര്‍ത്ഥിക്കുന്നുവെന്നും ഓര്‍ലാന്‍റോ രൂപത പ്രതികരിച്ചു.

ഫ്ലോറിഡയില്‍ പരമ്പരാഗത ലത്തീന്‍ കുര്‍ബാന അര്‍പ്പിക്കുന്ന ചുരുക്കം ചില ദേവാലയങ്ങളിലൊന്നാണ് ക്വീന്‍ ഓഫ് പീസ്‌ ദേവാലയം. ലോസ് ഏഞ്ചലസിലെ വിശുദ്ധ ജൂനിപെറോ സ്ഥാപിച്ച മിഷന്‍ ദേവാലയത്തിന് പുറത്ത് തീപിടുത്തമുണ്ടായ അതേ സമയത്ത് തന്നെയാണ് ക്വീന്‍ ഓഫ് പീസ്‌ ദേവാലയം അഗ്നിക്കിരയാക്കുവാന്‍ ശ്രമിച്ചതെന്നതു ശ്രദ്ധേയമാണ്. കേസ് ഫെഡറല്‍ ബ്യൂറോകള്‍ സംയുക്തമായി അന്വേഷിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.