പത്മനാഭസ്വാമി ക്ഷേത്ര കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചാണ് വിധി പുറപ്പെടുവിക്കുക. ക്ഷേത്ര ഭരണത്തിന്റെ അധികാരം ആ൪ക്കാണെന്നത് സംബന്ധിച്ചാണ് കോടതി വിധി പറയുക.ക്ഷേത്ര സ്വത്തുക്കളുടെ കൈകാര്യാവകാശവും ഭരണവും സംസ്ഥാന സ൪ക്കാറിനാണോ അതോ തിരുവിതാംകൂ൪ രാജകുടുംബത്തിനാണോ എന്ന കാര്യത്തിലാണ് ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, യുയു ലളിത് എന്നിവരടങ്ങിയ ബഞ്ച് വിധി പറയുക. രാജഭരണം അവസാനിച്ചെന്നും അവസാനത്തെ രാജാവ് അന്തരിച്ചെന്നും ചൂണ്ടിക്കാട്ടി ക്ഷേത്ര ഭരണം

സംസ്ഥാന സ൪ക്കാറിൽ നിക്ഷിപ്തമാക്കിയ 2011ലെ കേരള ഹൈകോടതി വിധി ചോദ്യം ചെയ്ത് തിരുവിതാംകൂ൪ രാജകുടുംബമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ക്ഷേത്രസ്വത്ത് സ്വകാര്യ സ്വത്താണെന്ന് ഹൈകോതിയിൽ നിലപാടെടുത്തിരുന്ന തിരുവിതാംകൂ൪ രാജകുടുംബം ദേവനവകാശപ്പെട്ട പൊതുസ്വത്താണെന്ന് പിന്നീട് സുപ്രീംകോടതിയിൽ തിരുത്തി. എങ്കിലും ക്ഷേത്രഭരണം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നായിരുന്നു കുടുംബത്തിന്റെ വാദം.

ദേവസ്വം ബോര്‍ഡ് മാതൃകയിൽ ഭരണ സംവിധാനം രൂപീകരിക്കാമെന്ന് സംസ്ഥാന സ൪ക്കാറും കോടതിയെ അറിയിച്ചിരുന്നു. രാജ്യാന്തര മ്യൂസിയം സ്ഥാപിക്കണമെന്ന വിദഗ്ധ സമിതി റിപ്പോർട്ടും കോടതി പരിശോധിച്ചിരുന്നു. 2019 ഏപ്രിൽ 10ന് വാദം കേൾക്കൽ പൂ൪ത്തിയാക്കിയ കേസിൽ ഇന്ന് രാവിലെ 10.30ന് ജസ്റ്റിസ് യുയു ലളിത് വിധി പുറപ്പെടുവിക്കും.