സ്വര്‍ണക്കടത്തു കേസില്‍ കേരള സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല എന്ന മുഖ്യമന്ത്രിയുടെ നിരുത്തരവാദ നിലപാടാണ് സ്വപ്‌നക്കും സംഘത്തിനും കേരളം വിടാനായതെന്ന്കുമ്മനം രാജശേഖരന്‍ ആരോപിച്ചു . മുഖ്യമന്ത്രിയുടെ നിലപാട് കാരണം പോലീസ് നിഷ്‌ക്രിയമായതു കൊണ്ടാണ് സ്വപ്ന സുരേഷിനും സന്ദീപിനും കേരളത്തില്‍ നിന്നും രക്ഷപെടാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത് .

രാഷ്ട്ര താല്‍പ്പര്യം പരിരക്ഷിക്കേണ്ട കേരള സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നു മാത്രമല്ല പ്രതികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്തു കൊടുത്തു എന്ന രാജ്യദ്രോഹകുറ്റമാണ് ചെയ്തിട്ടുള്ളത്. എന്‍ഐഎ പ്രതികളെ അറസ്റ്റ് ചെയ്ത ശേഷമാണ് കേരള സര്‍ക്കാര്‍ പോലീസിന്റെ അന്വേഷണ സംഘത്തെ നിയോഗിക്കുന്നത്. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ അപ്പാര്‍ട്ട്‌മെന്റില്‍ പ്രതികളെല്ലാം ഗൂഢാലോചന നടത്തിയ ശേഷം ലോക്ക് ഡൗണിന്റെ എല്ലാ നിയന്ത്രണങ്ങളും ഉണ്ടായിരിക്കെ എങ്ങനെ തലസ്ഥാനത്തു നിന്നും രക്ഷപ്പെട്ടെന്നും അദ്ദേഹം ചോദിച്ചു.

പ്രതികള്‍ രക്ഷപ്പെട്ടതിലല്ല, മറിച്ചു പ്രതികള്‍ക്ക് എതിരെ പ്രതിഷേധിക്കുന്നതിലാണ് മുഖ്യമന്ത്രിക്ക് വിഷമം. കേസില്‍ അതിശക്തമായ നിലപാട് സ്വീകരിച്ച കേന്ദ്ര മന്ത്രി മുരളീധരനെ പച്ചക്കള്ളം പറഞ്ഞ് അപകീര്‍ത്തിപ്പെടുത്താനാണ് കോടിയേരി ശ്രമിച്ചത്. രണ്ടു പേര്‍ക്കും കേസ് എങ്ങനെയും അട്ടിമറിക്കുക മാത്രമാണ് ലക്ഷ്യമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.