ദുബായ്: സ്വര്‍ണക്കടത്ത് കേസിലെ പിടികിട്ടാപ്പുള്ളിയായിരുന്ന ഫാസില്‍ ഫരീദിനെ തിരിച്ചറിഞ്ഞു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിയാണ് ഇയാള്‍. ദുബായ് നഗരപ്രദേശമായ റാഷിദിയ്യയിലാണ് ഫാസില്‍ താമസിക്കുന്നത്. ദുബായിലെ ഖിസൈസില്‍ ജിംനേഷ്യം, ആഡംബര വാഹന വര്‍ക് ഷോപ് അടക്കമുള്ള സ്ഥാപനങ്ങള്‍ ഇയാള്‍ക്ക് സ്വന്തമായുണ്ട്. നേരത്തെയും ഫാസില്‍ ഫരീദ് ദുബായില്‍ നിന്ന് സ്വര്‍ണക്കള്ളക്കടത്ത് നടത്തിയിട്ടുണ്ട്. കുറഞ്ഞ തോതില്‍ സ്വര്‍ണം കടത്തി തുടങ്ങിയ ഇയാള്‍ ഇതാദ്യമായാണ് ഇത്രയും വന്‍തോതില്‍ സ്വര്‍ണം കടത്തുന്നത്.

ഇത്രയും വലിയ കള്ളക്കടത്ത് നടത്തിയത് ഇയാള്‍ ഒറ്റയ്ക്കായിരിക്കില്ലെന്നാണ് കരുതുന്നത്. ഫാസില്‍ ഫരീദിനെ പിടികൂടുന്നതോടെ കേസില്‍‌ നിര്‍ണായക വഴിത്തിരിവ് ഉണ്ടാകുമെന്നാണ് കരുതുന്നത്. അതേസമയം കേസില്‍ പ്രതിചേര്‍ത്ത സാഹചര്യത്തില്‍ ദുബായിലുള്ള മൂന്നാംപ്രതി ഫാസില്‍ ഫരീദിനെ ഇന്ത്യയിലേക്ക് കൈമാറാന്‍ യുഎഇയോട് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. സിനിമക്കാരുമായി അടുത്ത സൗഹൃദം പ്രതിക്കുണ്ട്. ഒരു ബോളിവുഡ് താരമാണ് ഫാസിലിന്റെ ജിംനേഷ്യം ഉദ്ഘാടനം ചെയ്തത്. സിനിമാ മേഖലയില്‍ ഏറെ ബന്ധങ്ങളുള്ള ഫാസില്‍ ആഡംബര വാഹനപ്രിയനുമാണ്.