രാജ്യത്തെ ഞെട്ടിച്ച തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കേസെടുത്ത് 24 മണിക്കൂറിനകം മുഖ്യ പ്രതികളെ വലയിലാക്കി എന്‍ഐഎ. വെള്ളിയാഴ്ചയാണ് സ്വര്‍ണക്കടത്ത് കേസ് എറ്റെടുത്തതായി എന്‍ഐഎ ഹൈക്കോടതിയെ അറിയിച്ചത്. സ്വപ്ന സുരേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ഇക്കാര്യം എന്‍ഐഎ അറിയിച്ചത്. പിന്നാലെ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഒരു ദിവസം തികയും മുന്‍പ് തന്നെ മുഖ്യപ്രതികളെ വലയിലാക്കാനും ദേശീയ അന്വേഷണ ഏജന്‍സിക്കായി.

ദേശസുരക്ഷയെ ബാധിക്കുന്ന കേസ് എന്ന നിലയിലാണ് എന്‍ഐഎ സ്വര്‍ണക്കടത്ത് കേസ് ഏറ്റെടുക്കുന്നത്. സ്വപ്നയുള്‍പ്പെടെ നാല് പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി വ്യക്തമാക്കിയ ദേശീയ സുരക്ഷാ ഏജന്‍സി ഒരു കാരണവശാലും സ്വപ്നക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും കോടതിയില്‍ നിലപാടറിയിച്ചു.സ്വപ്നയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന ആവശ്യവും എന്‍ഐഎ വ്യക്തമാക്കി.

സ്വപ്ന സുരേഷിനും ഇപ്പോള്‍ അറസ്റ്റിലായ സരിത്തിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് കേന്ദ്ര സര്‍ക്കാരും ഹൈക്കോടതിയില്‍ വ്യക്തമാക്കി. സ്വപ്ന ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. സ്വപ്ന മറ്റു കേസുകളിലും പ്രതിയാണ് ഇവര്‍ രാജ്യത്തിന്റെ സാമ്ബത്തിക സുരക്ഷയ്ക്ക് ഭീഷണിയാണെന്നം കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ നിലപാട് എടുക്കുകയും നടപടികള്‍ വേഗത്തിലാക്കുകയും ചെയ്തത്.

ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സ്വപ്നയെ എന്‍ഐഎ സംഘം കസ്റ്റഡിയില്‍ എടുത്തത് എന്നാണ് വിവരം. നഗരത്തിലെ കോറമംഗലയിലെ ഹോട്ടലില്‍ നിന്നാണ് സ്വപ്നയെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കൊപ്പം ഭര്‍ത്താവും മകളും ഉണ്ടായിരുന്നു. ഇവരുടെ ഫോണ്‍ പിന്തുടര്‍ന്നാണ് എന്‍ഐഎ ഇവരെ കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്വപ്നയുടെ മകളുടെ ഫോണ്‍ ഓണായതാണ് നിര്‍ണായകമായതെന്നാണ് വിവരം. ബെംഗളൂരുവിലെ തന്നെ മറ്റൊരിടത്ത് നിന്നാണ് സന്ദീപിനെ കസ്റ്റഡിയിലെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നലെ, വൈകീട്ടോടെയാണ് സ്വപ്നയും സംഘവും ബെംഗളൂരുവിലെത്തിയതെന്നാണ് വിലയിരുത്തല്‍. കേരളം വിടാനും ബെംഗളൂരുവില്‍ തങ്ങാനും ഇവര്‍ക്ക് ലഭിച്ച സഹായങ്ങളെ കുറിച്ചുള്ള വിവരങ്ങളും വിവാദത്തിന് വഴിച്ചേക്കും. എന്‍ഐഎ സംഘം കസ്റ്റഡിലെടുക്കുമ്ബോള്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമായിരുന്നു സ്വപ്ന എന്നാണ് വിവരം. മകളുടെ ഫോണ്‍ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇവരെ ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്‍ഐഎ ബെംഗളൂരു യൂണിറ്റാണ് സ്വപ്നയെ കസ്റ്റഡിയിലെടുത്തത്.

കേസില്‍ മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാര്‍ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാണ്. കൊച്ചി സ്വദേശി, വിദേശത്തുള്ള ഫാസില്‍ ഫരീദാണ് മൂന്നാം പ്രതി. സ്വപ്നയുടെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായര്‍ കേസിലെ നാലാം പ്രതിയാണ്.

സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി നേരത്തെ സ്വപ്ന കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. മാധ്യമ വാ‍ര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പ്രതിചേര്‍ക്കാന്‍ ഒരുങ്ങുന്നതെന്നായിരുന്നു സ്വപ്നയുടെ വാദം. അറ്റാഷേ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്വര്‍ണം അടങ്ങിയ നയതന്ത്ര ബാഗ് ലഭിക്കാന്‍ വൈകുന്നതെന്തെന്ന് അന്വേഷിച്ചതെന്നാണ് ഇവരുടെ വാദം. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി മാധ്യമങ്ങള്‍ക്ക് ഇവര്‍ ശബ്ദ സന്ദേശവും നല്‍കിയികുന്നു.