ജോഹന്നാസ്ബര്‍ഗ്: ജോഹന്നാസ്ബര്‍ഗ് നഗരത്തിന് പടിഞ്ഞാറുള്ള ചര്‍ച്ചിന് നേരെ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ദക്ഷിണാഫ്രിക്കന്‍ പോലിസ് അറിയിച്ചു. തോക്കുധാരികള്‍ ബന്ദികളാക്കിയവരെ പിന്നീട് മോചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ 40 ഓളം പേരെ അറസ്റ്റ് ചെയ്യുകയും റൈഫിള്‍സ്, ഷോട്ട്ഗണ്‍, ഹാന്റ് ഗണ്‍ തുടങ്ങിയവ ഉള്‍പ്പെടെ 40 തോക്കുകള്‍ പിടിച്ചെടുക്കുകയും ചെയ്തതായി പോലിസ് വക്താവ് വിഷ്ണു നായിഡുവിനെ ഉദ്ധരിച്ച്‌ പ്രാദേശിക ടെലിവിഷന്‍ ചാനല്‍ റിപോര്‍ട്ട് ചെയ്തു.

സുര്‍ബെക്കോമിലെ ഇന്റര്‍നാഷണല്‍ പെന്തക്കോസ്ത് ഹോളിനെസ് ചര്‍ച്ചിലാണ് ആക്രമണമുണ്ടായത്. അക്രമി സംഘം ബന്ദിയാക്കിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ മോചിപ്പിച്ചതായും പോലിസ് പറഞ്ഞു. അതേസമയം, എത്രപേരെ രക്ഷപ്പെടുത്തിയെന്ന് വ്യക്തമല്ല. വിശ്വാസികള്‍ക്കിടയിലെ തര്‍ക്കത്തെത്തുടര്‍ന്ന് ഒരു സംഘം തോക്കുകളുമായെത്തി പള്ളിയില്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലിസ് പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തെ ഏറ്റവും വലിയതും ഏറ്റവും സമ്ബന്നവുമായ പള്ളിയാണ് സുര്‍ബെക്കോമിലെ ഇന്റര്‍നാഷണല്‍ പെന്തക്കോസ്ത് ഹോളിനെസ്.

പോലീസ് ട്വീറ്റ് ചെയ്ത ചിത്രങ്ങളില്‍ അടക്കം ഒരു ഡസനിലധികം പുരുഷന്മാര്‍ നിലത്തു കിടക്കുന്ന് കാണാം. റൈഫിളുകള്‍, പിസ്റ്റളുകള്‍, ഒരു ബേസ്‌ബോള്‍ ബാറ്റ്, വെടിമരുന്ന് പെട്ടികള്‍ എന്നിവയും ചിത്രങ്ങളിലുണ്ട്.