കൊച്ചി: എന്‍റിക്ക ലെക്സി കടല്‍കൊലക്കേസില്‍ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തമിഴ്നാട് കന്യാകുമാരി സ്വദേശിയായ പ്രിജിന്റെ കുടുംബം കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. കടല്‍കൊല നടന്ന സെന്റ് ആന്റണീസ് മത്സ്യബന്ധന ബോട്ടില്‍ പ്രജിന്‍ ഉണ്ടായിരുന്നതായാണ് ബന്ധുക്കളുടെ വാദം. അന്നു പ്രിജിനു 14 വയസ്സു മാത്രമായിരുന്നു. ബാലവേലയ്ക്കു കേസ് ഭയന്നാണ് അന്നു സംഭവം പുറത്തു പറയാതിരുന്നതെന്നാണ് ബന്ധുക്കളുടെ നിലപാട്.

2012 ഫെബ്രുവരി 15-ന് കേരള തീരത്ത് മത്സ്യബന്ധന ബോട്ടിലെ രണ്ട് മത്സ്യത്തൊഴിലാളികളെ ഇന്‍ റിക്ക ലെക്‌സി കപ്പലിലെ ഇറ്റാലിയന്‍ മറീനുകള്‍ വെടിവച്ചു കൊല്ലുന്നതിന് കണ്ടതിനു ശേഷം പ്രിജിന്‍ എ ഭയന്നുവെന്നും അതിനുശേഷം മാനസികമായി തളര്‍ന്നിരുന്നുവെന്നും കുടുംബം ജൂലൈ ആറിന് കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നു.ഈ സംഭവത്തിനുശേഷം പ്രിജിന്‍ വിഷാദത്തിന് അടിപ്പെട്ടുവെന്നും കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആത്മഹത്യ ചെയ്തുവെന്നും കുടുംബം പറയുന്നു.

കടല്‍കൊലപാതകം കണ്ടതിന്റെ ആഘാതം മൂലമാണെന്നും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍, കേസന്വേഷിച്ച കേരള പൊലീസിന്റെ രേഖകളില്‍ സംഭവ സമയത്തു ബോട്ടില്‍ പ്രിജിന്‍ ഉണ്ടായിരുന്നതായി പറയുന്നില്ല. കൊല നടക്കുമ്ബോള്‍ ബോട്ടില്‍ ഉണ്ടായിരുന്നവര്‍ക്കും നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്ന് കേസ് പരിഗണിച്ച രാജ്യാന്തര ആര്‍ബിട്രേഷന്‍ ട്രൈബ്യൂണല്‍ പറഞ്ഞിരുന്നു. കന്യാകുമാരി ജില്ലയിലെ കാഞ്ഞംപുരം സ്വദേശികളാണ് ഇവര്‍. പ്രിജിന്റെ 59 വയസ്സുള്ള അമ്മയും സഹോദരിമാരുമടങ്ങുന്ന എട്ടംഗ കുടുംബമാണ് നഷ്ടപരിഹാരം ഇറ്റലിയില്‍ നിന്നും വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെടുന്നത്.