കോവിഡ് സൂപ്പര്‍ സ്പ്രെഡ് ഉണ്ടായ പൂന്തുറയിലെ പ്രതിഷേധത്തെ അപലപിച്ച്‌ ദേശീയ വനിത കമ്മീഷന്‍. വനിതാ ഡോക്ടര്‍ അടക്കം ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചത് അപലപനീയമെന്ന് രേഖാ ശര്‍മ ട്വിറ്ററില്‍ കുറിച്ചു. കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാവണമെന്ന് ദേശീയ വനിത കമ്മീഷന്‍ ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച്‌ സംസ്ഥാന പൊലീസ് മേധാവിക്ക് കത്തയച്ചിട്ടുണ്ട്. തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മതിയായ സുരക്ഷ ഉറപ്പ് വരുത്തണം എന്നും വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചു.

കഴിഞ്ഞ ദിവസമാണ് സൂപ്പര്‍ സ്പ്രെഡ് ഉണ്ടായ പൂന്തുറയില്‍ ജനങ്ങള്‍ തെരുവിലിറങ്ങുകയും ആരഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തത്. പരിശോധനകള്‍ക്കായി എത്തിയ ആരോഗ്യപ്രവര്‍ത്തകരുടെ കാറിന്റെ ഗ്ലാസ് ബലം പ്രയോഗിച്ച്‌ തുറക്കുകയും, മാസ്ക് മാറ്റി ചുമയ്ക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. സംഭവങ്ങളുടെ ദൃശ്യങ്ങളും പല ഭാഗങ്ങളില്‍ നിന്നായി പുറത്തുവന്നിരുന്നു. അതേസമയം സംഭവത്തില്‍ നിയമനടപടുകള്‍ സ്വീകരിക്കാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.

കൊവിഡ് പടരുന്നു എന്നത് വ്യാജ പ്രചാരണമെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്ന് പറഞ്ഞ പ്രതിഷേധക്കാര്‍ വിലക്ക് ലംഘിച്ച്‌ റോഡിലിറങ്ങി. പൂന്തുറ മാത്രമല്ല മാണിക്യവിളാകത്തും വലിയ പള്ളിയിലും എല്ലാം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടും പൂന്തുറ വാര്‍ഡില്‍ മാത്രം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും അവശ്യ സാധനങ്ങള്‍ പോലും കിട്ടാനില്ലെന്നുമായിരുന്നു നാട്ടുകാരുടെ ആക്ഷേപം.