ചെന്നൈ: എസ്.ബി.ഐയുടെ ബ്രാഞ്ച് എന്ന പേരില്‍ വ്യാജ ബാങ്ക് തുടങ്ങിയ യുവാവും സംഘവും അറസ്റ്റില്‍. ഗൂഡല്ലൂര്‍ ജില്ലയിലെ പന്‍രുത്തിയിലാണ് സംഭവം.

മൂന്ന് മാസം മുമ്ബാണ് പന്‍രുത്തി നോര്‍ത്ത് ബസാറില്‍ എസ്.ബി.ഐയുടെ പുതിയ ശാഖ തുറന്നത്. കമ്ബ്യൂട്ടറുകളും ലോക്കറുകളും ചലാന്‍ സ്ലിപ്പുകളും മറ്റ് ഇടപാട് രേഖകളുമൊക്കെ ബാങ്കിലുണ്ടായിരുന്നു. എന്നാല്‍, കോവിഡ് കാലമായതിനാല്‍ പുതിയ ശാഖയില്‍ കാര്യമായ ഇടപാടുകളൊന്നും നടന്നില്ല. നിലവില്‍ പന്‍രുത്തിയിലുള്ള ഒറിജിനല്‍ ബ്രാഞ്ച് ഓഫീസിലെ ഉപഭോക്താവ് പുതുതായി തുടങ്ങിയ ബ്രാഞ്ചിനെക്കുറിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന തട്ടിപ്പ് പുറത്തായത്. ഡൂപ്ലിക്കേറ്റ് ബാങ്കിലെ രസീതുകള്‍ ഒറിജിനല്‍ ബാങ്കിലെ മാനേജരെ കാണിക്കുകയും തുടര്‍ന്ന് മാനേജര്‍ ബാങ്കില്‍ നേരിട്ടെത്തി അന്വേഷിക്കുകയുമായിരുന്നു. മാനേജരുടെ പരാതിയില്‍ പന്‍രുത്തി പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവത്തില്‍ കമല്‍ ബാബു (19), കൂട്ടാളികളായ എ. കുമാര്‍ (42), എം. മാണിക്കം (52) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കമല്‍ ബാബുവിന്‍റെ മാതാപിതാക്കള്‍ മുന്‍ ബാങ്ക് ജീവനക്കാരാണ്. ഇയാളുടെ പിതാവ് പത്ത് വര്‍ഷം മുമ്ബാണ് മരണപ്പെട്ടത്. മാതാവ് ബാങ്കില്‍ നിന്നും വിരമിച്ചത് രണ്ട് വര്‍ഷം മുമ്ബാണ്. പിതാവിന്‍റെ ജോലി തനിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ ബാങ്ക് അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍, ജോലി ലഭിച്ചില്ല. തുടര്‍ന്നുണ്ടായ നിരാശയില്‍ നിന്നാണ് വ്യാജ ബാങ്ക് ശാഖ തുടങ്ങാനുള്ള തീരുമാനമുണ്ടായത്. ബാങ്ക് ജീവനക്കാരായ ദമ്ബതികളുടെ മകനായതിനാല്‍ കമല്‍ ബാബുവിന് ചെറുപ്പം മുതല്‍ക്കേ ബാങ്ക് പ്രവര്‍ത്തനങ്ങളെല്ലാം പരിചയമുണ്ടായിരുന്നു.

അതെ സമയം കേസില്‍ അറസ്റ്റിലായ മറ്റു രണ്ട് പേര്‍ ബാങ്കിലേക്ക് വേണ്ട മറ്റു പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ബാങ്കിന് വേണ്ട റസിപ്റ്റുകള്‍, ചലാന്‍, മറ്റു രേഖകള്‍ എന്നിവ പ്രിന്‍റ് ചെയ്തതും റബ്ബര്‍ സ്റ്റാബുകള്‍ നിര്‍മിച്ചതും ഇവര്‍ രണ്ട് പേര്‍ ചേര്‍ന്നായിരുന്നു.