തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്സിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസിന് കൈമാറി. വ്യവസായ വകുപ്പിന് കീഴിലെ കെഎസ്‌ഐഇക്കാണ് കാര്‍ഗോ കോംപ്ലക്സിന്റെ നടത്തിപ്പ് ചുമതല. കോംപ്ലക്സില്‍ സ്ഥാപിച്ചിരിക്കുന്ന 23 സിസിടിവി ദൃശ്യങ്ങളാണ് കൈമാറിയിരിക്കുന്നത്.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ ഇതില്‍ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയ സ്വര്‍ണ്ണം ഉള്‍പ്പെട്ട ബാഗിന് മുകളില്‍ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഓഫീസിലെത്തിയ ദേശീയ അന്വേഷണ ഏജന്‍സി സംഘം ഇവിടെ നിന്നും മടങ്ങി. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കസ്റ്റംസില്‍ നിന്ന് ശേഖരിച്ച ശേഷമാണ് സംഘം മടങ്ങിയത്. ഒന്നാം പ്രതി സരിത്തിന്റെ മൊഴികളും സംഘം പരിശോധിച്ചു. അഞ്ച് മണിക്കൂറോളം സംഘം കസ്റ്റംസ് ഓഫീസില്‍ ചിലവഴിച്ചു.

ഇതിനിടെ ടി.പി കേസില്‍ നേതാക്കളെ പൊക്കി സി.പി.എമ്മിനെ വിറപ്പിച്ച എ.പി ഷൗക്കത്ത് അലി സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിലും. അന്വേഷണം ഏറ്റെടുത്തതിനു പിന്നാലെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ സെക്രട്ടേറിയറ്റിന് സമീപമുള്ള ഫ്ലാറ്റില്‍ റെയ്ഡ് നടത്തിയതും ഷൗക്കത്ത് അലിയുടെ നേതൃത്വത്തിലായിരുന്നു. സി.പി.എമ്മിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയ സംഭവമാണ് ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം.

മറ്റു രാഷ്ട്രീയ കൊലപാതകങ്ങളില്‍ നിന്നും വ്യത്യസ്തമായി പൊലീസ് അന്വേഷണം പാര്‍ട്ടി ഗൂഡാലോചനയിലേക്ക് എത്തുകയും പി.കെ കുഞ്ഞനന്തനും പി മോഹനനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ അറസ്റ്റിലാകുകയും ചെയ്തു. പാര്‍ട്ടി ഗ്രാമങ്ങളെ പോലും ഇളക്കി മറിച്ചുള്ള അന്നത്തെ പ്രത്യേക അന്വേഷണ സംഘത്തില്‍ എ.പി ഷൗക്കത്ത് അലി എന്ന തലശേരി ഡിവൈ.എസ്.പിയും ഉള്‍പ്പെട്ടിരുന്നു. ടിപി കേസ് പ്രതികളെ എല്ലാം പിടികൂടിയ ശേഷം ടി.പി കൊലക്കേസ് അന്വേഷണത്തിനു പിന്നാലെ ഷൗക്കത്ത് അലി എന്‍.‌ഐ.എയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം നേടുകയായിരുന്നു.