വാഷിങ്ങ്ടണ്‍: യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഇമിഗ്രേഷന്‍ വ്യവസ്ഥ കൊണ്ടുവരാന്‍ ഒരുങ്ങി അമേരിക്ക. പ്രസിഡന്റ് ട്രംപ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് തയ്യാറാക്കുന്നുവെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍. ട്രംപ് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അതില്‍ താന്‍ ഇമിഗ്രേഷന്‍ സംബന്ധിച്ച്‌ ഒരു എക്‌സിക്യൂട്ടീവ് ഉത്തരവ് തയ്യാറാക്കുകയാണ് എന്ന് പറഞ്ഞിരുന്നു. പൗരത്വത്തിലേക്ക് കടക്കുന്ന അടക്കമുള്ള കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് വൈറ്റ് ഹൗസ് വിശദീകരണവുമായി രംഗത്തു വന്നിരിക്കുന്നത്.

വളരെ പ്രാധാന്യമര്‍ഹിക്കുന്ന വലിയ ബില്‍ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ജനങ്ങള്‍ എല്ലാവരും ഇതില്‍ വളരെയധികം സന്തുഷ്ടരാണ് എന്നാണ് കരുതുന്നത് എന്നും പ്രസിഡന്റ് പറഞ്ഞു. ഇത് പൗരത്വത്തിന്റെ പാതയിലേക്കുള്ള യാത്രയാണെന്നും ട്രംപ് പറഞ്ഞു. തീരുമാനത്തിന് എതിരെ സ്വന്തം ക്യാമ്ബില്‍ നിന്നുമടക്കം നിരവധി വിമര്‍ശനങ്ങളാണ് ട്രംപിന് നേര്‍ക്ക് ഉയരുന്നത്. ഈ നീക്കം വലിയൊരു തെറ്റാണ് എന്നാണ് സെനറ്റര്‍ ടെഡ് ക്രൂസ് പറഞ്ഞിരിക്കുന്നത്.വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ട്രംപിന്റെ നീക്കത്തിലും സെനറ്റ് അംഗങ്ങളില്‍ നിന്നും വിമര്‍ശനമുയരുന്നുണ്ട്. നേരിട്ട് ക്ലാസില്‍ പങ്കെടുക്കുന്നവര്‍ ഒഴികെയുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യത്തു നില്‍ക്കരുത് എന്ന ട്രംപ് സര്‍ക്കാരിന്റെ നിയമത്തിനെതിരെയാണ് സെനറ്റ് അംഗങ്ങള്‍ രംഗത്തു വന്നിരിക്കുന്നത്.