അല്‍മാറ്റി : കസഖിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ‘ അജ്ഞാത ന്യുമോണിയ ‘ കേസുകള്‍ കൊവിഡ് മൂലമാകാമെന്ന് ലോകാരോഗ്യ സംഘടന. കസഖിസ്ഥാനില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 10,000ത്തിലേറെ പേര്‍ക്കാണ് പരിശോധനയിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 56,455 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് രോഗികളായുള്ളത്. 264 പേര്‍ മരിച്ചു.

രാജ്യത്തെ കൊവിഡ് പരിശോധനയെ സംബന്ധിച്ചും പരിശോധനാ സംവിധാനത്തിന്റെ ഗുണനിലവാരവും നിരീക്ഷിക്കുകയാണ് ലോകാരോഗ്യ സംഘടന. മുമ്ബ് ന്യുമോണിയയുമായെത്തിയവര്‍ക്ക് തെറ്റായ കൊവിഡ് ഫലം കാണിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന ന്യുമോണിയ കേസുകള്‍ കൊവിഡാകാമെന്നും എന്നാല്‍ ശരിയായ രീതിയില്‍ പരിശോധന നടക്കാതെ പോയതാകാമെന്നും ലോകാരോഗ്യ സംഘടനാ പ്രതിനിധി ഡോ. മൈക്കേല്‍ റയാന്‍ പറഞ്ഞു. ഈ ന്യുമോണിയ കേസുകളെ പറ്റി പഠിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ സംഘം കസഖിസ്ഥാനില്‍ എത്തിയിട്ടുണ്ട്.

ചൈനീസ് അധികൃതരാണ് കസഖിസ്ഥാനില്‍ അജ്ഞാത ന്യുമോണിയ പടര്‍ന്നുപിടിക്കുന്നത് സംബന്ധിച്ച മുന്നറിയിപ്പ് ആദ്യമായി നല്‍കിയത്. കഴിഞ്ഞ മാസം 600 ഓളം പേരാണ് രാജ്യത്ത് ന്യുമോണിയ ബാധിച്ച്‌ മരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തുള്ള ചൈനീസ് പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് ചൈനീസ എംബസി അറിയിച്ചിരുന്നു. കൊവിഡിനെക്കാള്‍ മരണ നിരക്ക് കൂടിയതാണ് പുതുതായി പടര്‍ന്നു പിടിക്കുന്ന ന്യുമോണിയ രോഗമെന്ന് ചൈനീസ് എംബസി അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ 1,772 പേരാണ് കസഖിസ്ഥാനില്‍ അജ്ഞാത ന്യുമോണിയ ബാധിച്ച്‌ മരിച്ചത്. ജൂണില്‍ മരിച്ചത് 628 പേരാണ്. ഇതില്‍ ചൈനീസ് പൗരന്മാരും ഉള്‍പ്പെടുന്നു. അതേ സമയം, ചൈനീസ് എംബസിയുടെ വാദം തള്ളിക്കൊണ്ട് കസഖിസ്ഥാന്‍ രംഗത്ത് വന്നിരുന്നു.