തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഭീകരസംഘടനകള്‍ക്കും ബന്ധമുള്ളതായി റിപ്പോര്‍ട്ടുകള്‍. സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്തിന്റെയും നാലാം പ്രതി സന്ദീപ് നായരുടെയും ഭാര്യമാരുടെ മൊഴികളില്‍ നിന്നാണ് വിവരം ലഭിച്ചത്. സ്വപ്നയ്ക്കു പുറമേ മറ്റു രണ്ടു പേരെക്കുറിച്ചും പരാമര്‍ശമുണ്ടായിരുന്നു.

ഇവര്‍ക്ക് സ്വര്‍ണക്കടത്തിനു ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നാണ് സൂചന ലഭിച്ചത്. സരിത്തിന്റെയും സന്ദീപിന്റെയും ഭാര്യമാരുടെ രഹസ്യമൊഴികള്‍ മജിസ്ട്രേട്ട് മുമ്ബാകെ രേഖപ്പെടുത്തും.

അതേസമയം സ്വര്‍ണക്കടത്തിന് ഐസിസ് ബന്ധമുള്ളതായി സൂചനകള്‍ ലഭിച്ചത് കാരണമാണ് കേസ് എന്‍.ഐ.എയ്ക്ക് കൈമാറാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. രഹസ്യാന്വേഷണ ഏജന്‍സികളാണ് കേന്ദ്ര സര്‍ക്കാരിനെ ഈ വിവരം ധരിപ്പിച്ചത്. ഐസിസ് റിക്രൂട്ട്മെന്റിന് ആവശ്യമായ പണം കള്ളക്കടത്തിലൂടെയാണ് വരുന്നുവെന്നും സൂചനയുണ്ട്.

സമാനമായി കേരളത്തില്‍ നിന്നും ഐസിസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവര്‍ക്കും കള്ളക്കടത്തുമായി ബന്ധമുണ്ടെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു.അന്വേഷണത്തിനായി യു.എ.ഇയിലേക്ക് പ്രത്യേക സംഘത്തെ അയയ്ക്കുന്ന കാര്യവും കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്.