അങ്കാര: ലോക രാജ്യങ്ങളുടെ ശക്തമായ എതിര്‍പ്പിനെ വകവെക്കാതെ ക്രൈസ്തവ ദേവാലയമായിരിന്ന ഹാഗിയ സോഫിയ മോസ്ക്കാക്കി മാറ്റാനുള്ള ഉത്തരവിൽ തുർക്കി പ്രസിഡന്റ് തയിബ് എർദോഗൻ ഒപ്പുവെച്ചു. 1934ൽ ആധുനിക തുർക്കിയുടെ പിതാവായ മുസ്തഫ കമാൽ അതാതുർക്ക് ഹാഗിയ സോഫിയയെ നിയമവിരുദ്ധമായിട്ടാണ് മ്യൂസിയമാക്കി മാറ്റിയതെന്ന് തുർക്കിയിലെ പരമോന്നത കോടതിയായ ദി കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിവാദ ഉത്തരവിൽ എർദോഗൻ ഒപ്പുവെച്ചത്.

ആയിരത്തിഅഞ്ഞൂറോളം വർഷം പഴക്കമുള്ള ദേവാലയം മുസ്ലിം പള്ളിയാക്കി മാറ്റരുതെന്ന് അന്താരാഷ്ട്രതലത്തിൽ വലിയ സമ്മർദ്ധം ഉണ്ടായിരുന്നെങ്കിലും തീവ്ര ഇസ്ലാം മത ചിന്താഗതി പുലർത്തുന്ന തുർക്കി പ്രസിഡന്റ് ഇതിനെ പൂര്‍ണ്ണമായി അവഗണിക്കുകയായിരിന്നു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള ദേവാലയത്തെ മ്യൂസിയമായി തന്നെ നിർത്തണമെന്ന് അമേരിക്ക, റഷ്യ അടക്കമുള്ള രാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നു. എർദോഗന്‍റെ നടപടി പ്രകോപനപരമായ തീരുമാനമാണെന്ന് ഗ്രീസിലെ സാംസ്കാരികവകുപ്പ് വിശേഷിപ്പിച്ചു.

എ.ഡി 537-ല്‍ ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തിയുടെ കാലത്താണ് ഹാഗിയ സോഫിയ നിർമിച്ചത്. ആദ്യ കാലത്ത് ഒരു കത്തീഡ്രല്‍ ദേവാലയമായിരിന്ന ഹാഗിയ സോഫിയ ‘ചർച്ച് ഓഫ് ദ് ഹോളി വിസ്‌ഡം’ എന്ന പേരില്‍ അറിയപ്പെട്ടിരിന്നു. 1453 ൽ ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെ ഹാഗിയ സോഫിയയെ ഒരു മോസ്‌ക് ആക്കിമാറ്റി. കെട്ടിടത്തിലുണ്ടായിരുന്ന പല ചിത്രപ്പണികളും നശിപ്പിക്കപ്പെട്ടു. ഇതേ തുടര്‍ന്നാണ് മുസ്തഫ കമാൽ അതാതുർക്കിന്റെ കാലത്ത് ക്രൈസ്തവ വിശ്വാസികളുടെ വികാരം കൂടി കണക്കിലെടുത്തു ഇതിനെ ഒരു മ്യൂസിയമാക്കി മാറ്റിയത്.

എന്നാല്‍ ഇത് മോസ്ക്ക് ആക്കിമാറ്റാനുള്ള മുറവിളി തീവ്ര ഇസ്ലാമികളുടെ ഭാഗത്തു നിന്നു ഉയര്‍ന്നിരിന്നു. കടുത്ത ഇസ്ളാമിക നിലപാടുള്ള തയിബ് എർദോഗൻ ഭരണത്തിലേറിയതോടെയാണ് നിര്‍മ്മിതിയെ മോസ്ക്ക് ആക്കി മാറ്റാനുള്ള ശ്രമം ഭരണതലത്തില്‍ വീണ്ടും ആരംഭിച്ചത്. ഇതാണ് ഇന്നത്തെ നടപടിയില്‍ കൊണ്ടെത്തിച്ചത്. അതേസമയം ജൂലൈ 15നോ, അതിനുമുന്‍പോ ഹാഗിയ സോഫിയ പ്രാര്‍ത്ഥനകള്‍ക്കായി മുസ്ലീങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്ന്‍ തുര്‍ക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്‍ഡ്‌ ഡെവലപ്മെന്റ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്‍മാനായ നുമാന്‍ കുര്‍ട്ടുല്‍മസ് പറഞ്ഞു.