കലിഫോർണിയ: കലിഫോർണിയ വെസ്റ്റ് കോസ്റ്റ് കോൺസൽ ജനറലായി ടി.വി. നാഗേന്ദ്ര പ്രസാദ് ചുമതലയേറ്റു. നിലവിലുള്ള കോൺസൽ ജനറൽ സജ്ജയ് പാണ്ഡെയെ തുർക്കിയിലെ ഇന്ത്യൻ അംബാസഡറായി നിയമിച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് നാഗേന്ദ്ര പ്രസാദ് നിയമിതനായത്.

തെലങ്കാനയിലെ വാറങ്കൽ സ്വദേശിയായ നാഗേന്ദ്ര പ്രസാദ്, 2014 മുതൽ 2018 വരെ ടർക്ക് മിനിസ്ഥാനിലെ മുൻ അംബാസഡറായിരുന്നു.

ആന്ധ്രപ്രദേശ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും ഇന്ത്യൻ അഗ്രികൾച്ചറൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (ന്യുഡൽഹി) നിന്നും ഡോക്ടറേറ്റും കരസ്ഥമാക്കി. തുടർന്നു 1993 ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ പ്രവേശിച്ചു. ടെഹ്റാൻ, ലണ്ടൻ, തിംമ്പു തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ വിദേശകാര്യ വകുപ്പിന്‍റെ ഉദ്യോഗസ്ഥനായിരുന്നു. 1999-2001 കാലഘട്ടത്തിൽ ബാംഗ്ലൂർ റീജണൽ പാസ്പോർട്ട് ഓഫീസറായും 2008-2011 ൽ പാസ്പോർട്ട് സേവാ പ്രോജക്ടിന്‍റെ പ്രോജക്ട് ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ജൂലൈ 7ന് യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ്, വാഷിംഗ്ടൻ സംസ്ഥാന ഗവർണർ ജയ് ഇൻസ്‍ലി എന്നിവരുമായി കോവിഡ് 19 മഹാമാരിയിൽ ഇന്ത്യൻ അമേരിക്കൻ കമ്യൂണിറ്റിയുടെ പങ്കിനെക്കുറിച്ച് വെർച്ച്വൽ മീറ്റിംഗ് സംഘടിപ്പിച്ചു. അമേരിക്കയിൽ ഇന്ത്യൻ സമൂഹം നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ചും മൂവരും ചർച്ച ചെയ്തു.