ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വൈറസ് വ്യാപകമാകുന്നതിനിടയില്‍ ഡെങ്കിപ്പനി പടരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച്‌ ആരോഗ്യ വിദഗ്ദ്ധര്‍. മണ്‍സൂണ്‍ എത്തുന്നതോടെ ഡെങ്കിപ്പനി കൂടുതല്‍ രൂക്ഷമാകാനാണ് സാദ്ധ്യത. കൊവിഡിന്റെ അതേ രോഗലക്ഷണങ്ങള്‍ തന്നെയാണ് ഡെങ്കിക്കും. കൊവിഡ്, ഡെങ്കി വ്യാപനം ഒരേ സമയം ഉണ്ടായാല്‍ രാജ്യത്ത് രോഗികളുടെയെണ്ണം ക്രമാതീതമായി വര്‍ദ്ധിക്കും.രണ്ട് തരം പരിശോധനകള്‍ ഒരുമിച്ച്‌ നടത്തേണ്ടി വരുന്നതിനാല്‍ തന്നെ ആരോഗ്യ മേഖലയ്ക്ക് അത് വലിയ രീതിയിലുളള തിരിച്ചടിയാകുമെന്നും വിദഗ്ദ്ധര്‍ പറയുന്നു. നിലവില്‍ രാജ്യത്തെ കൊവിഡ് കേസുകള്‍ എട്ട് ലക്ഷം അടുത്തിരിക്കുകയാണ്. 21,604 ഓളം പേര്‍ ഇതിനോടകം കൊവിഡ് ബാധിച്ച്‌ മരണപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഡെങ്കി ഭീഷണി ഉയര്‍ന്നു വരുന്നത്.

ഓരോ വര്‍ഷവും ഇന്ത്യയില്‍ 100,000 മുതല്‍ 200,000 വരെ ആളുകള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കപ്പെടുന്നുണ്ടെന്ന് 2016 മുതല്‍ 2019 വരെയുളള റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ പറഞ്ഞു. കാലാവസ്ഥ മാറുന്നതനുസരിച്ചാണ് ഡെങ്കിപ്പനി വ്യാപകമാകുന്നത്. ദക്ഷിണേന്ത്യയില്‍ മഴക്കാലത്തും ഉത്തരേന്ത്യയില്‍ ശൈത്യകാലത്തുമാണ് ഡെങ്കിപ്പനി രൂക്ഷമാകുന്നത്.കഠിനമായ പനിയും ശരീര വേദനയും തലവേദനയുമാണ് രണ്ട് രോഗങ്ങളുടെയും ലക്ഷണം. ഇതിനാല്‍ തന്നെ ഡെങ്കിപ്പനി കൊവിഡ് -19 അവസ്ഥയെ വഷളാക്കിയേക്കാമെന്ന് വൈറോളജിസ്റ്റും കൊല്‍ക്കത്തയിലെ അമിറ്റി സര്‍വകലാശാല വൈസ് ചാന്‍സലറുമായ ധ്രുഭ്യോതി ചതോപദ്ധ്യായ മുന്നറിയിപ്പ് നല്‍കി. ഡെങ്കിപ്പനി ബാധിക്കുന്നവര്‍ക്ക് കൊവിഡ് പിടിപെടാനുളള സാദ്ധ്യതയും ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.