തിരുവനന്തപുരം: കോവിഡ് നിര്‍ദേശങ്ങള്‍ ലംഘിക്കുമെന്ന കെ സുധാകരന്റെ പ്രസ്താവന വന്‍ വിവാദത്തില്‍. സര്‍ക്കാര്‍ നീതികേട് കാണിക്കുകയാണെങ്കില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുമെന്നായിരുന്നു സുധാകരന്റെ പ്രസംഗം. കോവിഡ് നിയന്ത്രണങ്ങളും നടപടികളും വലിച്ചെറിഞ്ഞ് പ്രക്ഷോഭത്തിന്റെ തീച്ചൂളയിലേക്കായിരിക്കും കേരളത്തെ നയിക്കുക എന്നാണ് പ്രസംഗത്തില്‍ സുധാകരന്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ വീട്ടിലേക്കുള്ള മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത് കൊണ്ടുള്ള പ്രസംഗത്തിലാണ് സുധാകരന്‍ വിവാദ പ്രസ്താവന നടത്തിയത്.

ഇപ്പോഴത്തേത് പ്രതികരിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. അതുകൊണ്ടാണ് പ്രതിപക്ഷം ഇങ്ങനെ പോകുന്നത്. ആ വിഘാതം തട്ടിമാറ്റാന്‍ പ്രതിപക്ഷത്തിന് നിയമം തടസ്സമല്ലെന്നും സുധാകരന്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തിനാണ് പ്രതിപക്ഷം ഇന്ന് നേതൃത്വം നല്‍കിയത്. അതേസമയം ബിജെപിയും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുമെന്ന് പറഞ്ഞിരുന്നു. കോവിഡിന്റെ പേര് പറഞ്ഞ് സമരത്തെ അടിച്ചമര്‍ത്താന്‍ നോക്കേണ്ടെന്നായിരുന്നു ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചത്.

അതേസമയം കോവിഡ് നിയന്ത്രണം ലംഘിച്ചതിന് കെ സുധാകരന്‍, ഷാഫി പറമ്ബില്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കണ്ടാലറിയുന്ന 15 പേര്‍ക്കും, മറ്റ് 100 പേര്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്തത്. നിയമം ലംഘിച്ചാണ് ഇവര്‍ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്ബിലിന്റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച്‌ സംഘര്‍ഷത്തിലാണ് കലാശിച്ചത്. സുധാകരന്‍ ഉദ്ഘാടനം ചെയ്തതിന് പിന്നാലെ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. യൂത്ത് ലീഗ് ഇപി ജയരാജന്റെ വാഹനവും കളക്ടറേറ്റില്‍ നടന്ന പ്രതിഷേധത്തിനിടെ തടഞ്ഞു.

അതേസമയം സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഇത് സമരമല്ല, ഈ നാടിനെ രോഗത്തില്‍ മുക്കിക്കളയാനുള്ള ദുഷ്പ്രവൃത്തിയാണ്. സമരം നടത്തുന്നത് നാടിനെ അപകടപ്പെടുത്തി കൊണ്ടാവരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. പലയിടത്തും ഇന്ന് സമരം നടക്കുന്നതായി കണ്ടു. ഇവര്‍ ഒരു സുരക്ഷയുമില്ലാതെയാണ് പോലീസിന് നേരെ ഓടിവരുന്നത്. സമരത്തിന് ആരും എതിരല്ല. അത് നാടിനെ അപകടപ്പെടുത്തി കൊണ്ടാകരുത്. സ്വന്തം ആരോഗ്യത്തെ പണയം വെക്കരുത്. റിവേഴ്‌സ് ക്വാറന്റൈനില്‍ കഴിയേണ്ട നേതാക്കള്‍ സമരങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ വന്ന് ജീവന്‍ അപകടത്തിലാക്കരുത്. ഒരു പരിധി വരെ സമരങ്ങള്‍ നിരുത്സാഹപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.