പുനെ: കോവിഡ് രോഗബാധിതര്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പുനെയില്‍ പത്തു ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. പുനെ കൂടാതെ, സമീപത്തുള്ള പിംപ്രി-ചിഞ്ച്വാഡിലും സമീപത്തുള്ള മറ്റു ചില പ്രദേശങ്ങളിലും ലോക്ക്ഡൗണ്‍ ബാധകമായിരിക്കും.

ജൂലൈ പതിമൂന്നാം തിയതി അര്‍ദ്ധരാത്രി മുതല്‍ ലോക്ക്ഡൗണ്‍ ആരംഭിക്കും. ജൂലൈ 23 വരെ പത്തു ദിവസത്തേക്ക് ആയിരിക്കും ലോക്ക്ഡൗണ്‍.
ജില്ലയില്‍ വ്യാഴാഴ്ച മാത്രം 1,803 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ, ജില്ലയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 34,399 ആയി. ഇതുവരെ കോവിഡ് ബാധിച്ച്‌ പുനെയില്‍ മാത്രം മരിച്ചത് 978 പേരാണ്.

മഹാരാഷ്ട്ര മുഖ്യമന്ത്രിയും ജില്ല രക്ഷാധികാരിയുമായ അജിത് പവാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. പുനെ ഡിവിഷന്‍ കമ്മീഷണര്‍ ദീപക് മഹയിസേകറും രോഗം പടരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നടപ്പാക്കുമെന്ന് അറിയിച്ചു.

ജൂലൈ 13 മുതല്‍ 18 വരെയുളള ലോക്ക്ഡൗണ്‍ കാലയളവ് അതീവ കര്‍ശനമായിരിക്കും. പാല്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍, ഫാര്‍മസികള്‍, ക്ലിനിക്കുകള്‍ എന്നിവയ്ക്ക് മാത്രമേ ഈ കാലയളവില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ. അടിയന്തരസേവനങ്ങളെ ലോക്ക് ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രോഗം വ്യാപകമായി പടരുന്നത് തടയാനുള്ള മുന്‍കരുതലിന്റെ ഭാഗമാണ് തീരുമാനമെന്ന് ജില്ല കളക്ടര്‍ നവല്‍ കിഷോര്‍ റാം പറഞ്ഞു.