കോവിഡ് വ്യാപനം സൃഷ്ടിച്ച ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് മത്സരങ്ങള്‍ വീണ്ടും പുഃനരാരംഭിച്ചിരിക്കുകയാണ്. ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് മത്സരമാണ് രാജ്യാന്തര തലത്തില്‍ ഇത്തരത്തില്‍ നടക്കുന്ന ആദ്യ മത്സരം. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിയമങ്ങളില്‍ പലതിലും മാറ്റം വരുത്തിയാണ് മത്സരങ്ങള്‍ പുഃനരാരംഭിച്ചിരിക്കുന്നത്, ഇതില്‍ ഏറ്റവും പ്രധാനം വിദേശ അമ്ബയര്‍മാര്‍ക്ക് പുറമെ സ്വദേശികളായ അമപയര്‍മാര്‍ക്കും മത്സരം നിയന്ത്രിക്കാമെന്നതാണ്. എന്നാല്‍ നിയമത്തിലെ ഈ മാറ്റം ആദ്യ മത്സരത്തില്‍ തന്നെ കല്ലുകടിയായി.

സതംപ്ടണില്‍ നടക്കുന്ന ആദ്യ മത്സരം നിയന്ത്രിക്കുന്നത് ഇംഗ്ലിഷ് അമ്ബയര്‍മാര്‍ തന്നെയാണ്. ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനമായ ഇന്ന് ഫീല്‍ഡ് അമ്ബയര്‍മാരായി എത്തിയത് റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്തും റിച്ചാര്‍ഡ് കെറ്റില്‍ബോറോയുമാണ്. രണ്ട് പതിറ്റാണ്ടോളം ക്രിക്കറ്റ് മൈതാനത്ത് പരിചയസമ്ബത്തുള്ള ഇരുവരുടെയും രണ്ട് തീരുമാനങ്ങളാണ് വെസ്റ്റ് ഇന്‍ഡീസ് റിവ്യൂ സംവിധാനം ഉപയോഗിച്ച്‌ തിരുത്തിയത്. ഇതാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി തെളിച്ചത്.

അതേസമയം മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് അടിതെറ്റുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ 174 റണ്‍സെടുക്കുന്നതിനിടയില്‍ ഇംഗ്ലിഷ് പടയ്ക്ക് ഒമ്ബത് വിക്കറ്റുകള്‍ നഷ്ടമായി. ആറ് വിക്കറ്റ് വീഴ്ത്തിയ നായകന്‍ ജെയ്സണ്‍ ഹോള്‍ഡറുടെ പ്രകടനമാണ് വിന്‍ഡീസിന് മത്സരത്തില്‍ ആധിപത്യം നല്‍കിയത്.

അക്കൗണ്ട് തുറക്കുന്നതിന് മുമ്ബ് തന്നെ ഓപ്പണര്‍ ഡൊമിനിക് സിബിലിയെ നഷ്ടമായത് മുതല്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ പിഴച്ചു. ജോ ഡെന്‍ലിയും റോറി ബേണ്‍സും പോരാടി നോക്കിയെങ്കിലും 51 റണ്‍സെടുക്കുന്നതിനിടയില്‍ രണ്ട് പേരും പുറത്താവുകയായിരുന്നു. നായകന്‍ ബെന്‍ സ്റ്റോക്സിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ഏഴ് ബൗണ്ടറികളടക്കം 43 റണ്‍സ് നേടിയ നായകന് ജോസ് ബട്‌ലറും ഭേദപ്പെട്ട പിന്തുണ നല്‍കി, 35 റണ്‍സാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സ്വന്തമാക്കിയത്.

ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പില്‍ കളിച്ച ഒമ്ബത് മത്സരങ്ങളില്‍ അഞ്ചില്‍ ജയിച്ച ഇംഗ്ലണ്ട് 146 പോയിന്റുമായി നാലം സ്ഥാനത്താണ്. കളിച്ച രണ്ടു ടെസ്റ്റുകളും തോറ്റ വെസ്റ്റിന്‍ഡീസ് എട്ടാം സ്ഥാനത്തും. 360 പോയിന്റുമായി ഇന്ത്യയാണ് പട്ടികയില്‍ ഒന്നാമത്.