ആലപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദമ്പതികളില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. മാവേലിക്കര വെട്ടിയാര്‍ സ്വദേശിയായ ദേവിക ദാസിനാണ് (20)‌ കൊവിഡ് സ്ഥിരീകരിച്ചത്. യുവതിയുടെ ഭര്‍ത്താവ് പത്തനംതിട്ട കുരമ്പാല സ്വദേശി ജിതിന് (30) രോഗമില്ല. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുവരെയും ചെന്നിത്തലയിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേവികയുടെ രോഗ ഉറവിടം സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമല്ല. യുവതിക്ക് രോഗം സ്ഥിരീകരിച്ചതോടെ സംഭവസ്ഥലത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ നിരീക്ഷണത്തിലാണ്.

പ്രാഥമിക പരിശോധനയില്‍ ഇരുവരും ആത്മഹത്യ ചെയ്തതാണെന്ന സൂചനയാണുള്ളത്. വാടക വീട്ടില്‍ നിന്നും കണ്ടെടുത്ത രണ്ട് ആത്മഹത്യ കുറിപ്പുകളില്‍ സാമ്പത്തിക പ്രശ്‌നത്തെ പറയുന്നുണ്ട്. എന്നാല്‍ ദേവികയുടെ കഴുത്തില്‍ കണ്ട മുറിവും വീടിന്‍്റെ വാതില്‍ തുറന്നു കിടന്നതും സംശയത്തിന് ആക്കം കൂട്ടുന്നുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് അന്വേഷണത്തിന് സ്ഥലത്തെത്തിയ ഫോറന്‍സിക് വിദഗ്ധര്‍, ഡോഗ് സ്ക്വാഡ് ഉള്‍പ്പടെയുള്ളവര്‍ നിരീക്ഷണത്തിലേക്ക് മാറിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് മുന്‍പ് നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.