പ്രകൃതിയെ സംരക്ഷിക്കുവാന്‍ യുവജനങ്ങള്‍ പ്രകൃതിയിലേക്ക് മടങ്ങണമെന്ന് കെസിബിസി പ്രസിഡണ്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കാക്കനാട് സീറോമലബാര്‍ സഭാ ആസ്ഥാനത്ത് നടന്ന കെസിവൈഎം സംസ്ഥാനതല യുവജനദിന ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി സംരക്ഷണത്തിന് കെസിവൈഎം ആരംഭിച്ചിരിക്കുന്ന ഹരിതംപോലുള്ള പദ്ധതികള്‍ സമൂഹത്തിന് മാതൃകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.സി.വൈ.എം സംസ്ഥാന പ്രസിഡണ്ട് ബിജോ പി. ബാബു അദ്ധ്യക്ഷത വഹിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കെസിവൈഎം പതാക ഉയര്‍ത്തുകയും, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ യുവജനങ്ങള്‍ക്കായി പ്രത്യേക ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു. യുവജന ദിനത്തില്‍ സംസ്ഥാനവ്യാപകമായി 30000 ജൈവകൃഷി കിററ് വിതരണം നടത്തി. കെസിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കല്‍, ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, വൈസ് പ്രസിഡണ്ട് ജെയ്സന്‍ ചക്കേടത്ത്, സെക്രട്ടറിമാരായ അനൂപ് പുന്നപ്പുഴ, സിബിന്‍ സാമുവല്‍, ഡെനിയ സി സി ജയന്‍, ഫാ. ഫ്രാന്‍സിസ് പിട്ടാപള്ളില്‍, സി. റോസ് മെറിന്‍ എന്നിവര്‍ സംസാരിച്ചു.