മുംബൈ : മഹാരാഷ്ട്രയില്‍ പുതുതായി 278 പോലീസ് ഉദ്യോഗസ്ഥര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ രോഗബാധ സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 5,713 ആയി.

നിലവില്‍ 1,113 ഉദ്യോഗസ്ഥരാണ് മഹാരാഷ്ട്രയില്‍ ചികിത്സയില്‍ കഴിയുന്നത്. 4,531 ഉദ്യോഗസ്ഥര്‍ രോഗമുക്തി നേടി. 71 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഇതുവരെ കൊറോണയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. മുംബൈയിലാണ് കൊറോണയെ തുടര്‍ന്ന് കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ മരിച്ചത്. 43 പോലീസുകാര്‍ കൊറോണയെ തുടര്‍ന്ന് മുംബൈയില്‍ മാത്രം മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരിലേക്ക് കോവിഡ് വ്യാപിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. മഹാരാഷ്ട്രയില്‍ ആകെ കൊറോണ ബാധിതരുടെ എണ്ണം രണ്ടേകാല്‍ ലക്ഷത്തോട് അടുക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,603 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 2,23,724 ആയി ഉയര്‍ന്നു.