നയതന്ത്ര പരിഗണനയുടെ മറവില്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണക്കടത്ത് നടത്തിയ സംഭവം എന്‍ഫോഴ്സ്മെന്‍്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. ഫെമ നിയമപ്രകാരം കേസ് എന്‍ഫോഴ്സ്മെന്‍്റ് ഡയറക്ടറേറ്റിന് അന്വേഷിക്കാമെന്ന വിലയിരുത്തല്‍. വിദേശത്ത് പണം കൈമാറ്റം നടന്നെന്ന വിവരത്തിന്‍്റെ അടിസ്ഥാനത്തിലാണിത്. കംസ്റ്റസ് പ്രധാന പ്രതികളെ പിടികൂടുന്നതോടെ എന്‍ഫോഴ്സ്മെന്‍റും അന്വേഷണം തുടങ്ങും.

അതേസമയം സ്വര്‍ണക്കടത്തിന് പിന്നിലെ സാമ്ബത്തിക സ്രോതസ്സിലേക്ക് അന്വേഷണം വ്യാപിപ്പിച്ച്‌ കസ്റ്റംസ്. സ്വര്‍ണം വാങ്ങാന്‍ സ്വപ്നയോ സരിത്തോ സ്വന്തം പണം ഉപയോഗിച്ചിട്ടില്ലെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. പല സ്വര്‍ണക്കടത്തിലും പണമിറക്കുന്ന രണ്ടുപേരാണ് ഇതിനും പിന്നിലെന്ന് സൂചനയുണ്ട്. ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ളവരാണ് ഇവര്‍.

ഇവര്‍ സ്വര്‍ണക്കടത്തിനുപയോഗിച്ച പല കടത്തുകാരില്‍ ഒരുസംഘം മാത്രമാണ് സ്വപ്നയും സരിത്തും എന്നാണ് കസ്റ്റംസിന്റെ നി​ഗമനം. ഓരോ തവണയും കടത്താനുള്ള സ്വര്‍ണം തയ്യാറാകുമ്ബോള്‍, കടത്തുകാരുമായി സംസാരിച്ച്‌ തുക ഉറപ്പിക്കുകയാണ് പതിവ് എന്നും കസ്റ്റംസിലെ ഉന്നതവൃത്തങ്ങള്‍ പറഞ്ഞു.

അന്വേഷണവുമായി യുഎഇ കോണ്‍സലിലെ ഉദ്യോഗസ്ഥന്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ട്. അദ്ദേഹം തന്ന പല സൂചനകളിലും സ്വപ്നയെ ചോദ്യം ചെയ്യുമ്ബോള്‍ മാത്രമേ കൂടുതല്‍ വ്യക്തത കൈവരുകയുള്ളൂവെന്നും ഉന്നതോദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

ഇതിനിടെ ഐ ടി വകുപ്പില്‍ സ്വപ്നാ സുരേഷ് ജോലിചെയ്തിരുന്ന സ്ഥലത്തെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും ആവശ്യപ്പെട്ട് കസ്റ്റംസ് പൊലീസിന് കത്തുനല്‍കി. കസ്റ്റംസിലെ ഉന്നത ഉദ്യോ​ഗസ്ഥന്‍ എഡിജിപി മനോജ് എബ്രഹാമിനാണ് കത്തുനല്‍കിയത്. പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

മുമ്ബ് സ്വര്‍ണം പിടിക്കപ്പെട്ടപ്പോഴൊക്കെ പലതവണ ഇതേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് ഔദ്യോഗികമായി കത്തയക്കാന്‍ കസ്റ്റംസ് തീരുമാനിച്ചത്.സരിത്തിന്റെ പങ്കാളിയായ സന്ദീപ് നായര്‍ പലപ്രാവശ്യം ഐടി സ്ഥാപനത്തിലെത്തി സ്വപ്നയെ കണ്ടിട്ടുണ്ടെന്നാണ് സൂചന. സന്ദീപ് മുമ്ബും സ്വര്‍ണക്കടത്തില്‍ പങ്കാളിയായിട്ടുണ്ട്. അഞ്ചുവര്‍ഷം മുമ്ബ് സ്വര്‍ണക്കടത്തിന് സന്ദീപിന്റെ പേരില്‍ പൊലീസ് കേസെടുത്തിരുന്നു.