മസ്കത്ത്: സേവനങ്ങള്‍ക്കായി സ്വദേശികളും വിദേശികളും തിരക്കുപിടിക്കേണ്ടതില്ലെന്നും രാജ്യത്തെ എല്ലാ പൊലീസ് സ്​റ്റേഷനുകളിലും സേവനങ്ങള്‍ ലഭ്യമാണെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. റെസിഡന്‍റ് കാര്‍ഡ് പുതുക്കല്‍ അടക്കം കാര്യങ്ങള്‍ ചെയ്യാന്‍ ജൂലൈ 15 വരെ സമയമുണ്ടെന്നും അതുവരെ പിഴ ഇൗടാക്കില്ലെന്നും ആര്‍.ഒ.പി ഡയറക്ടറേറ്റ് ഒാഫ് ഡെവലപ്മ​െന്‍റിലെ മേജര്‍ മുദാര്‍ അല്‍ മസ്റൂയിയെ ഉദ്ധരിച്ച്‌ പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്​തു. കോവിഡ് വ്യാപനം മൂലം പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്ന ആര്‍.ഒ.പി സേവനകേന്ദ്രങ്ങള്‍ നാലുമാസത്തിന് ശേഷം

ജൂലൈ ഒന്നിന്​ വീണ്ടും പ്രവർത്തനമാരംഭിച്ചത്. ആദ്യ ദിവസങ്ങളിൽ ഇവിടെ സ്വദേശികളുടെയും വിദേശികളുടെയും തിരക്ക് അനുഭവപ്പെട്ടിരുന്നു.

പ്രവാസികൾ റെസിഡൻറ് കാർഡ് പുതുക്കാൻ ഇമിഗ്രേഷൻ ഒാഫിസിൽ പോകേണ്ടതില്ലെന്ന് മേജർ അൽ മസ്റൂയി പറഞ്ഞു. കമ്പനി പി.ആർ.ഒ അല്ലെങ്കിൽ സ്പോൺസർക്ക് ഇൗ നടപടിക്രമങ്ങൾ പൂർത്തീകരിക്കാം.  ഡ്രൈവിങ് ൈലസൻസ് പുതുക്കൽ, വാഹന രജിസ്ട്രേഷൻ, പാസ്പോർട്ട്-തിരിച്ചറിയൽ കാർഡ് പുതുക്കൽ, ഡോക്യുമെേൻറഷൻ തുടങ്ങിയ കാര്യങ്ങൾക്കായാണ് ആളുകൾ സേവന കേന്ദ്രങ്ങളിൽ പോകുന്നത്.

ഇതിൽ ചില സേവനങ്ങൾ ഒാൺലൈനിൽ ആർ.ഒ.പി ആപ്ലിക്കേഷൻ/വെബ്സൈറ്റ് മുഖേന ലഭ്യമാണ്. ഒാൺലൈൻ സേവനങ്ങൾ ഉപയോഗിക്കുന്ന പക്ഷം സേവന കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ കഴിയും. വാഹന രജിസ്ട്രേഷനും വിദേശികളുടെ വിസ പുതുക്കലും സംബന്ധിച്ച ഭൂരിപക്ഷം നടപടിക്രമങ്ങളും സനദ് സ​െൻററുകൾ വഴി പൂർത്തീകരിക്കാം.

ഇങ്ങനെ ചെയ്യുന്ന പക്ഷം ആർ.ഒ.പി സേവനകേന്ദ്രങ്ങളിൽ കുറഞ്ഞ സമയം മാത്രം ചെലവഴിക്കേണ്ടി വരുകയുള്ളൂ. വിദേശികളുടെ വിരലടയാളം കമ്പ്യൂട്ടറിൽ ഉള്ളതിനാൽ വിസ പുതുക്കുന്നത് സംബന്ധിച്ച  അന്തിമ നടപടിക്രമങ്ങൾക്ക് കമ്പനി പി.ആർ.ഒ എത്തിയാൽ മതിയെന്ന് അൽ മസ്റൂയി പറഞ്ഞു.

മഹാമാരിയുടെ സാഹചര്യത്തിൽ സന്ദർശക വിസക്കാർക്ക്​ രാജ്യം വിടാതെ തന്നെ കുടുംബ വിസയിലേക്ക് മാറ്റാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതൽ നടപടിക്രമങ്ങൾ സനദ് കേന്ദ്രങ്ങളിലും ബാക്കിയുള്ളവ ആർ.ഒ.പി കേന്ദ്രങ്ങളിലും പൂർത്തീകരിക്കാൻ കഴിയും.

അന്താരാഷ്ട്ര വിമാന സർവിസുകൾ ഇല്ലാത്ത സാഹചര്യത്തിലാണ് ഇൗ സംവിധാനം ഏർപ്പെടുത്തിയത്. പ്രായപരിധി കഴിഞ്ഞ കുട്ടികൾക്കും ഇൗ സൗകര്യം ലഭിക്കും. ഇവർക്ക് വേണമെങ്കിൽ സന്ദർശക വിസ പുതുക്കുകയോ അല്ലെങ്കിൽ ഫാമിലി ജോയിനിങ് വിസയിലേക്ക് മാറുകയോ ചെയ്യാമെന്ന് അൽ മസ്റൂയി പറഞ്ഞു.

നാലുമാസത്തിന് ശേഷം സേവന കേന്ദ്രങ്ങൾ തുറന്നപ്പോൾ തിരക്ക് പ്രതീക്ഷിച്ചിരുന്നതായി അൽ മസ്റൂയി പറഞ്ഞു. മസ്​കത്തിൽ നിരവധിയിടങ്ങളിൽ സേവന കേന്ദ്രങ്ങൾ ഉണ്ടെങ്കിലും മബേലയിലും അമിറാത്തിലുമൊക്കെ ആളുകൾ കൂട്ടംകൂടുന്ന സാഹചര്യമുണ്ട്.

സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും മുൻ നിർത്തി ആളുകൾ തങ്ങൾ താമസിക്കുന്നതിന് അടുത്തുള്ള സേവന കേന്ദ്രങ്ങൾ മനസ്സിലാക്കി കൃത്യമായ സമയത്ത് അവിടെ പോകണം. മസ്​കത്തിൽ 11 പൊലീസ് സ്​റ്റേഷനുകളാണ് ഉള്ളത്.

അൽ ഖൂദ്, അസൈബ, അമിറാത്ത്, മബേല, ഖുറിയാത്ത് തുടങ്ങി ഭൂരിപക്ഷം സ്റ്റേഷനുകളോടും ചേർന്ന് ഇൗ സേവനകേന്ദ്രങ്ങളുണ്ട്. ഇവിടെ റെസിഡൻറ് കാർഡ് പുതുക്കലടക്കം സേവനങ്ങൾ ലഭ്യമാണ്. ട്രാഫിക്, പാസ്പോർട്ട്, സിവിൽ ഡയറക്​ടറേറ്റുകളിലേക്ക് പോകാതെ ഇൗ സ്​റ്റേഷനുകളിലെ സേവനങ്ങൾ ജനങ്ങൾ ഉപയോഗപ്പെടുത്തണം. മറ്റ് ഗവർണറേറ്റുകളിലും സമാന സംവിധാനങ്ങളുണ്ടെന്ന് അൽ മസ്റൂയി പറഞ്ഞു.