ഓണ്‍ലൈന്‍ ക്ലാസുകളുള്ള വിദേശ വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി രാജ്യത്ത് നിന്ന് പറഞ്ഞുവിടാനുള്ള ഡോണള്‍ഡ് ട്രംപ് ഗവണ്‍മെന്റിന്റെ തീരുമാനത്തിനെതിരെ യുഎസ്സിലെ ഹാര്‍വാഡ് സര്‍വകലാശാലയും മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും (എംഐടി) കോടതിയെ സമീപിച്ചു. ബോസ്റ്റണിലെ ഡിസ്ട്രിക്‌ട് കോര്‍ട്ടിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ജൂലായ് ആറിന്റെ ഗവണ്‍മെന്‌റ് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ഇരു സര്‍വകലാശാലകളും ആവശ്യപ്പെടുന്നു. ഉത്തരവ് നിയമവിരുദ്ധമാണെന്ന് പറഞ്ഞാണ് ഹാര്‍വാഡും എംഐടിയും കോടതിയെ സമീപിച്ചിരിക്കുന്നത്. വിദേശ വിദ്യാര്‍ത്ഥികളെ യുഎസ് വിടാന്‍ നിര്‍ബന്ധിതരാക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ നിന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റിനേയും ഇമ്മിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിനേയും തടയണമെന്ന് യൂണിവേഴ്‌സിറ്റികള്‍ ആവശ്യപ്പെടുന്നു.

കോടതി സ്‌റ്റേ നല്‍കിയാല്‍ ഐസിഇയുടെ (ഇമ്മിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ്) പോളിസി നടപ്പാക്കുന്നത് 14 ദിവസത്തേക്ക് മാറ്റിവയ്ക്കാനാകും. വിദേശവിദ്യാര്‍ത്ഥികളെ രാജ്യത്ത് തുടരാന്‍ അനുവദിച്ചിരുന്ന ഹോംലാന്‍ഡ് സെക്യൂരിറ്റി നയത്തെ കഴിഞ്ഞ മാര്‍ച്ച്‌ മുതല്‍ വിശ്വാസത്തോടെയാണ് കണ്ടിരുന്നത് എന്ന് യൂണിവേഴ്‌സിറ്റികള്‍ പറയുന്നു. അടുത്ത സെമസ്റ്ററില്‍ ക്ലാസുകള്‍ ഓണ്‍ലൈനായ വിദ്യാര്‍ത്ഥികള്‍ യുഎസ് വിടണമെന്നും ഇല്ലെങ്കില്‍ പുറത്താക്കേണ്ടി വരുമെന്നും ഗവണ്‍മെന്റ് ഉത്തരവില്‍ പറഞ്ഞിരുന്നു. ഓണ്‍ലൈന്‍ ക്ലാസുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിസ അനുവദിക്കില്ലെന്നും യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഇവരെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. കൊറോണ വൈറസ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് വിവാദ തീരുമാനം പ്രഖ്യാപിച്ചത്. ഇതിനെതിരെ വലിയ വിമര്‍ശനവും പ്രതിഷേധവുമുയര്‍ന്നിരുന്നു. മുന്നറിയിപ്പില്ലാതെ വന്ന ഉത്തരവ് ക്രൂരതയാണെന്ന് ഹാര്‍വാഡ് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ലോറന്‍സ് ബാക്കോ പറഞ്ഞിരുന്നു. നിയമവിരുദ്ധമായ ഈ ഉത്തരവിനെ കോടതിയില്‍ നേരിടുമെന്നും ലോറന്‍സ് ബാക്കോ പറഞ്ഞു.

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്ത് തുടരണമെങ്കില്‍ സ്‌കൂളുകളില്‍ മാറ്റം വരുത്തുകയോ ഇന്‍പേഴ്‌സണ്‍ ക്ലാസുകളിലിരിക്കുകയോ വേണമെന്നും ഇത്തരത്തില്‍ ക്ലാസ് തുടങ്ങാനും ഐസിഇ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് ശാരീരിക അകലം പാലിക്കാനുള്ള കോവിഡ് പ്രോട്ടോക്കോളിന് വിരുദ്ധമാണെന്നും വിദ്യാര്‍ത്ഥികളെ തിങ്ങിനിറഞ്ഞ റെസിഡന്‍ഷ്യല്‍ ഹാളുകളില്‍ ഇതുമൂലം താമസിപ്പിക്കേണ്ടതായി വരുമെന്നും യൂണിവേഴ്‌സിറ്റികള്‍ ചൂണ്ടിക്കാട്ടുന്നു. യുഎസ്സിലെ 4,78,732 ചൈനീസ് വിദ്യാര്‍ത്ഥികളേയും 2,,51,290 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളേയുമാണ് ഉത്തരവ് പ്രതികൂലമായി ബാധിക്കുക. ക്ലാസുകള്‍ പൂര്‍ണമായി ഓണ്‍ലൈന്‍ ആക്കിയ ഹാര്‍വാഡിന്റെ നടപടിയെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇരു സര്‍വകലാശാലകളും ക്യാമ്ബസ്സുകളില്‍ ചുരുക്കം വിദ്യാര്‍ത്ഥികളെ മാത്രമേ തുടരാന്‍ അനുവദിക്കുന്നുള്ളൂ.