ബീജിങ്: കൊവിഡ് 19 വൈറസിന്റെ ഉറവിടത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ ലോകാരോഗ്യസംഘടനയുടെ പ്രതിനിധി സംഘം വുഹാന്‍ സന്ദര്‍ശിക്കുമെന്ന് ചൈനീസ് സര്‍ക്കാര്‍. വുഹാനില്‍ നിന്ന് ആരംഭച്ച വൈറസ്ബാധ ലോകത്ത് ഏകദേശം 500,000 പേരെ കൊന്നൊടുക്കിയിട്ടുണ്ട്. രോഗവ്യാപനം ഇപ്പോഴും തുടരുകയാണ്.

ചര്‍ച്ചകള്‍ക്കു ശേഷം ലോകാരോഗ്യസംഘടനയുടെ വിദഗ്ധപ്രതിനിധി സംഘത്തെ കൊറോണ വൈറസ് ബാധയുടെ ഉറവിടം തേടിയുളള യാത്രയ്ക്ക് രാജ്യം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാഓ ലിജിയാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലോകാരോഗ്യ സംഘടയുടെ സംഘം ചൈന സന്ദര്‍ശിച്ചേക്കുമെന്ന ഊഹം നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

വുഹാന്‍ മുനിസിപ്പല്‍ ഓഫിസിനെ ഉദ്ധരിച്ച്‌ ചൈനീസ് അധികാരികള്‍ കൊറോണ വൈറസ് വ്യാപനത്തെ കുറിച്ചുള്ള ആദ്യ റിപോര്‍ട്ട് പുറത്തുവിട്ട് ആറ് മാസത്തിനു ശേഷം ഇതാദ്യമായാണ് ചൈന ഒരു അന്താരാഷ്ട്ര പ്രതിനിധി സംഘത്തെ കൊറോണയെ കുറിച്ച്‌ അന്വേഷിക്കാന്‍ അനുമതി നല്‍കുന്നത്. ഇത്തരമൊരു സന്ദര്‍ശനത്തെ കുറിച്ച്‌ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ.തെദ്രോസ് അദനോം ഗുട്ടറോസിസ് ജനുവരിയില്‍ തന്നെ സൂചിപ്പിച്ചിരുന്നു.