തിരുവനന്തപുരം : തിരുവനന്തപുരത്ത് വീണ്ടും പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു.പേട്ട പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. എസ്.എ.പി ക്യാമ്ബിലെ പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് ക്വാറന്റൈനിലായിരുന്ന 17 പൊലീസുകാരില്‍ ഒരാള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

അതേസമയം ഇന്ന് തിരുവനന്തപുരത്ത് 64പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 60പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ്‌രോഗം പകര്‍ന്നത്. രോഗ ബാധിതരുടെ എണ്ണം കൂടുതലുള്ള മേഖലയായ പൂന്തുറയില്‍ കൊവിഡ് സൂപ്പര്‍ സ്‌പ്രെഡ് ആണെന്ന് വിലയിരുത്തല്‍ . ഒരാളില്‍ നിന്ന് കൂടുതല്‍ ആളുകളിലേക്ക്‌ രോഗബാധ ഉണ്ടായ സാഹചര്യത്തെയാണ് സൂപ്പര്‍ സ്‌പ്രെഡ് എന്ന് വിശേഷിപ്പിക്കുന്നത്. അതീവ ഗുരുതരമായ സ്ഥിതി വിശേഷമാണ് ഈമേഖലയില്‍ നിലനില്‍ക്കുന്നത് എന്ന് അധികൃതര്‍ വ്യക്തമാക്കി.

പൂന്തുറയില്‍ സൂപ്പര്‍ സ്‌പ്രെഡുണ്ടായതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. മറ്റന്നാള്‍ വീടുകളിലടക്കം അണുനശീകരണം നടത്തും. കടലിലും നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെ തമിഴ്നാട് ഭാഗത്തേക്ക്‌പോകാന്‍ അനുവദിക്കില്ല. തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് പരിശോധന തീവ്രമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ്‌കോവിഡ് പടര്‍ന്ന് പിടിക്കുന്നത്. അസാധാരണമായ ക്ലസ്റ്റര്‍ ഈ പ്രദേശത്ത് രൂപപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തല്‍ . അതിവേഗംരോഗം പടര്‍ന്ന് പിടിക്കുന്ന സ്ഥിതി വിശേഷമാണ് ഉള്ളത്. എല്ലാതരം പ്രായപരിധിയിലും പെട്ട ആളുകളിലേക്ക്‌രോഗ ബാധ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സംസ്ഥാനത്ത് സമ്ബര്‍ക്കം വഴി കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നത് വലിയ ആശങ്കയായി മാറുകയാണ്. ഇന്ന് മാത്രം 90പേര്‍ക്കാണ് സമ്ബര്‍ക്കം വഴിരോഗം സ്ഥിരീകരിച്ചത്. ഇതില്‍ തന്നെ തിരുവനന്തപുരത്തെ അവസ്ഥ വളരെ അധികം ഗൗരവമുള്ളതും ആശങ്കാജനകമാണെന്നും വിലയിരുത്തലുകളുണ്ട്. തിരുവനന്തപുരത്ത് മാത്രം 60പേര്‍ക്കാണ് സമ്ബര്‍ക്കം വഴിരോഗം സ്ഥിരീകരിച്ചത്.