എറണാകുളം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി മന്ത്രി വി.എസ് സുനില്‍ കുമാര്‍. എറണാകുളം ജില്ലയില്‍ വേണ്ടി വന്നാല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കുമെന്നും മുന്നറിയിപ്പുകള്‍ ഇല്ലാതെയായിരിക്കും ലോക്ഡൗണ്‍ പ്രഖ്യാപനമെന്നും ജില്ലയുടെ കോവിഡ് പ്രതിരോധ ചുമതലയുള്ള വി.എസ്.സുനില്‍കുമാര്‍ വ്യക്തമാക്കി.
രോഗവ്യാപനം വേഗത്തിലായ സാഹചര്യത്തിലാണ് ഇത്തരത്തില്‍ നടപടി ആലോചിക്കുന്നത്. ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമെന്നും മന്ത്രി പറഞ്ഞു.
മെട്രോപൊളിറ്റന്‍ സിറ്റി ഉള്ള ജില്ലയായതിനാല്‍ എറണാകുളത്ത് അതീവജാഗ്രത പുലര്‍ത്തുന്നുണ്ട്. കണ്ടെയ്ന്മെന്റ് സോണുകളുടെ എണ്ണം വര്‍ധിപ്പിക്കും. കണ്ടെയ്ന്മെന്റ് സോണുകളില്‍ എവിടെയെങ്കിലും സ്ഥിതി ഗുരുതരമായാല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹ വ്യാപന സാധ്യതകള്‍ പൂര്‍ണമായും തടയുകയും എന്നാല്‍ ജനജീവിതം ദുസ്സഹമാകാതിരിക്കുകയും ലക്ഷ്യമിട്ടാണ് ക്ലസ്റ്റര്‍ കണ്ടെയ്ന്മെന്റ് സോണുകള്‍ വേര്‍തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.