2008ല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന റിയാലിറ്റി ഷോയിലെ മല്‍സരാര്‍ത്ഥിയായിരുന്നു കൊല്ലം സ്വദേശി ഇമ്രാന്‍ ഖാന്‍. വളരെ ചെറുപ്പത്തില്‍ തന്നെ ഗാന രംഗത്ത് കഴിവ് തെളിയിച്ച താരം ഐഡിയ സ്റ്റാര്‍ സിങ്ങറിന്റെ സെമി ഫൈനലില്‍ വെച്ച്‌ പുറത്താവുകയായിരുന്നു.

ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ലെങ്കിലും ആലാപന രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ഇമ്രാന്‍. നിരവധി ആരാധകരുള്ള ഇമ്രാന്‍ ഇപ്പോള്‍ ജീവിക്കാനുള്ള കഷ്ടപ്പാടിലാണ്. ഐഡിയ സ്റ്റാര്‍ സിംഗറില്‍ നിന്നും പുറത്തായി എങ്കിലും ഗാനമേളകളില്‍ സജീവ സാന്നിധ്യമായിരുന്ന ഇമ്രാന്റെ 200 കിലോയില്‍ അധികമുള്ള ശരീരം ഭാരം ഒരു ശാസ്ത്രക്രിയയിലൂടെ കുറയ്ക്കുകയിരുന്നു.

പിന്നീട് ഗാനമേളയില്‍ അവസരം കുറഞ്ഞത് കാരണം ഗള്‍ഫിലേക്ക് പോയ ഇമ്രാന്‍ അച്ഛന്റെ മരണം കാരണം നാട്ടിലേക്ക് തിരിച്ചു വരുകയിയിരുന്നു. ശരീരത്തിന്റെ ഭാരം കുറഞ്ഞതോടെ അവസരങ്ങള്‍ നഷ്ടമായി എന്നാണ് ഇമ്രാന്‍ പറയുന്നത്.

ജീവിത മാര്‍ഗത്തിനായി താരം ഇപ്പോള്‍ കൊല്ലം പള്ളിമുക്കിലെ ഓട്ടോ ഡ്രൈവറായി ജോലി നോക്കി വരുകയാണ്. സ്റ്റാര്‍ സിംഗറില്‍ ഒപ്പമുള്ളവര്‍ എല്ലാം നല്ല നിലയില്‍ എത്തിയെങ്കിലും ഇമ്രാന്‍ അതില്‍ ഒന്നും പരിഭവമില്ല മറിച്ചു ഓട്ടോ ഓടിക്കുന്നതിന് ഒപ്പം ഗാനമേളകളും മറ്റും ലഭിക്കാനായുള്ള കാത്തിരിപ്പിലാണ് ഇദ്ദേഹം.

ഓട്ടോ ഓടിക്കുന്ന തൊഴിലിന് ഒപ്പം സംഗീതവും താരം കാത്തുസൂക്ഷിക്കുന്നുണ്ട്. ശരീര ഭാരം അമിതമായ ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതിനാലാണ് താരം സര്‍ജറിയിലൂടെ ഭാരം കുറച്ചത്.
സര്‍ജറി കഴിഞ്ഞതോടെ 200 ല്‍ നിന്നും 110 കിലോയായി മാറിയെന്നും പക്ഷേ അതോടെ ആരും തിരിച്ചറിയാത്ത അവസ്ഥയായി.

തടിയുണ്ടായിരുന്നേല്‍ അവസരം കിട്ടിയെന്നെ പക്ഷേ ജീവിതമല്ലേ വലുതെന്നും താരം ചോദിക്കുന്നു. ഇപ്പോള്‍ 250 രൂപ വാടക കൊടുത്താണ് ഇമ്രാന്‍ ഓട്ടോ ഓടിക്കുന്നത്, ഉത്സവ സീസണില്‍ ഗാനമേളയില്‍ പാടി സ്വന്തം കാശ് കൊണ്ട് ഓട്ടോ വാങ്ങിക്കാന്‍ ഇരുന്നെങ്കിലും അതും കൊറോണ കൊണ്ട് പോയെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു.

പലരും പല സഹായ വാഗ്ദാനങ്ങളും നല്‍കുന്നുണ്ടെങ്കിലും അതൊന്നും വാങ്ങിയിട്ടില്ലെന്നും വാങ്ങിക്കില്ലന്നും സ്വന്തമായി ഓട്ടോ ഓടിച്ചും പാട് പാടിയും ജീവിക്കാനാണ് ഇഷ്ടമെന്നും താരം പറയുന്നത്. സഹായിക്കാന്‍ വരുന്ന നല്ല മനസുകളോട് ഗാനമേളയില്‍ പാടാന്‍ വിളിക്കു എന്നാണ് ഇമ്രാന്‍ കൊടുക്കുന്ന മറുപടി.

ഐഡിയ സ്റ്റാര്‍ സിംഗറില്‍ തിളങ്ങി നിന്ന സമയത്ത് പ്രണയമുണ്ടായിരുന്നുവെന്നും ഇപ്പോള്‍ അത് നഷ്ടമായെന്നും താരം പറയുന്നു. സിനിമയില്‍ ഒന്നും പാടാന്‍ ഇപ്പോള്‍ അങ്ങനെ മോഹിക്കാറില്ലന്നും എന്നാല്‍ ഇടക്ക് തടി കുറയ്ക്കേണ്ടിയിരുന്നില്ല എന്ന് തോന്നാറുണ്ടെന്നും ഇമ്രാന്‍ പറയുന്നു.

സര്‍ജറിയ്ക്ക് ശേഷം ആളുകള്‍ എന്നെ തിരിച്ചറിയാതായി. അങ്ങനെയാണ് സ്റ്റേജ് പ്രോഗ്രാമുകള്‍ കുറഞ്ഞത്. ആളുകള്‍ക്ക് എപ്പോഴും എന്തെങ്കിലും വ്യത്യസ്തത വേണം. സ്റ്റേജില്‍ കോപ്രായങ്ങള്‍ കാണിക്കുന്നവര്‍ക്കൊക്കെ അവസരം ഉണ്ട്. നമ്മള്‍ എത്ര നന്നായി പാടിയിട്ടും കാര്യമില്ല. ആ പഴയ തടി വച്ച്‌ പാടുകയാണെങ്കില്‍ കൂടുതല്‍ അവസരം കിട്ടിയേന്നെ. ഇന്ന് സ്മ്യൂളിലും ടിക് ടോക്കിലും ഒക്കെ പാടി പുതിയ വിഡിയോ ഇടുമ്ബോള്‍ ആളുകള്‍ തിരിച്ചറിയുന്നില്ല. അതേസമയം പഴയരൂപത്തിലുള്ള വിഡിയോയ്ക്ക് നല്ലപോലെ റീച്ചും കിട്ടാറുണ്ട്.

ഞാന്‍ പാട്ടു പഠിച്ചിട്ടൊന്നുമില്ല. കേട്ടു പാടുന്നു എന്നുമാത്രം. ഒരു പാട്ടു കേട്ടാല്‍ നമ്മളെ കൊണ്ട് പാടാന്‍ പറ്റുമോ എന്നുനോക്കും. ഏതെങ്കിലും ഒരു പോര്‍ഷന്‍ പാടാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെ ആ പാട്ട് ഞാന്‍ എടുക്കാറില്ല. എന്നെക്കൊണ്ട് പാടാന്‍ പറ്റുന്ന പാട്ടുകള്‍ മാത്രമേ എടുക്കൂ.. സ്മ്യൂളില്‍ ഒക്കെ പാടിയിടുമ്ബോള്‍ നാലോ അഞ്ചോ പേര്‍ മാത്രമായിരിക്കും കാണുന്നത്.

ഐഡിയ സ്റ്റാര്‍ സിങ്ങറിലെ പഴയ സുഹൃത്തുക്കളുമായി കോണ്ടാക്റ്റ് ഒന്നുമില്ല. വല്ല പ്രോഗ്രാമും ഉണ്ടെങ്കില്‍ ആരെയെങ്കിലും കണ്ടാലായി. കാണുമ്ബോള്‍ ചിരിയ്ക്കും വിശേഷങ്ങള്‍ പറയും. എല്ലാവര്‍ക്കും അവരവരുടെ ജീവിതം. കോണ്ടാക്റ്റ്‌സ് ഉള്ളവര്‍ക്ക് സിനിമയില്‍ പാടാനൊക്കെ അവസരം കിട്ടും. സീനിയേഴ്സ് എന്നൊരു പടത്തില്‍ ‘ഇത്തിരി ചക്കരനുള്ളി’ എന്നൊരു പാട്ട് ഞാന്‍ പാടിയിട്ടുണ്ട്. സിനിമയില്‍ പാടണം എന്ന വലിയ ആഗ്രഹങ്ങള്‍ ഒന്നുമില്ല.

ഇത്രനാളും കഷ്ടപ്പെട്ടിട്ട് ഒന്നുമായില്ല. ഇനി അത്തരം മോഹങ്ങളുമില്ല. സോഷ്യല്‍ മീഡിയയില്‍ ഒട്ടും ആക്റ്റീവ് അല്ലാത്ത ഒരാളായിരുന്നു ഞാന്‍. ഇപ്പോള്‍ ടിക് ടോക്കില്‍ സജീവമായതുതന്നെ കുറച്ചു സ്റ്റേജ് പ്രോഗ്രാമുകള്‍ കിട്ടണം എന്ന ആഗ്രഹം കൊണ്ടുമാത്രം. എന്നാല്‍ മുന്‍പ് കിട്ടിയിരുന്ന പ്രോഗ്രാമുകള്‍ പോലും കൊറോണ കാരണം ഇല്ലാതായി. പഴയപോലെ ഓട്ടോയ്ക്ക് ഓട്ടവും കിട്ടുന്നില്ല.

ടൗണില്‍ ഓട്ടം കിട്ടിയാല്‍ കുറച്ചു മെച്ചമുണ്ട്. കൊല്ലം പള്ളിമുക്കിലാണ് വീട്. എനിക്കിപ്പോള്‍ 31 വയസ്സായി. ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. വീട്ടില്‍ ഞാനും ഉമ്മ ആമിനയും മാത്രം. വാപ്പ ഷാജഹാന്‍ ആറ്റിന്‍പ്പുറം. മൂന്നു വര്‍ഷം ആകുന്നു വാപ്പ ഞങ്ങളെ വിട്ടുപോയിട്ട്. വാപ്പ ഉണ്ടായിരുന്ന കാലത്ത് വലിയ സന്തോഷമായിരുന്നു. അന്നൊന്നും ഒരു പ്രശ്‌നവും ജീവിതത്തെ അലട്ടിയിരുന്നില്ല.

വാപ്പയ്ക്ക് ചാക്ക് കട ആയിരുന്നു. ആദ്യമൊക്കെ ബിസിനസ് നല്ല രീതിയില്‍ മുന്നോട്ടു പോയിരുന്നു. പ്ലാസ്റ്റിക് ചാക്ക് വന്നതോടെ കച്ചവടം നന്നായി കുറഞ്ഞു. ഒപ്പം വാപ്പ രോഗിയായതോടെ എല്ലാം തകിടം മറിഞ്ഞു. ഡയബറ്റിക് ആയിരുന്നു ആള്‍. ഷുഗര്‍ കൂടി കാലിന്റെ ഉപ്പൂറ്റി മുറിച്ചു ഒന്നൊന്നര വര്‍ഷം വീല്‍ചെയറിലായിരുന്നു വാപ്പയുടെ ജീവിതം.

പിന്നെ ഹാര്‍ട്ടില്‍ ബ്ലോക്ക് ഉണ്ടായി. ഓപ്പറേഷന്‍ ചെയ്തിട്ടും ജീവന്‍ രക്ഷിക്കാനായില്ല. ഐസിയുവിലേക്ക് മാറ്റിയപ്പോഴേക്കും മരണപ്പെട്ടിരുന്നു. വാപ്പയുടെ മരണത്തോടെയാണ് ഞാന്‍ ഓട്ടോ ഓടിച്ചു തുടങ്ങുന്നത്. വല്ലപ്പോഴും കിട്ടുന്ന സ്റ്റേജ് പ്രോഗ്രാമുകളെ ആശ്രയിച്ചു ജീവിതം എത്രനാള്‍ മുന്നോട്ടു കൊണ്ടുപോകാനാകും? സ്വന്തമായി ഒരു വീടുണ്ട്, അതുമാത്രമാണ് ഏക ആശ്വാസമെന്ന് ഇമ്രാന്‍ പറയുന്നു.