തിരുവനന്തപുരം: പി.ആര്‍ ഏജന്‍സികളെ ഉപയോഗിച്ചു 916 എന്നു കാണിക്കാന്‍ നോക്കിയ മുഖ്യമന്ത്രി ഇപ്പോള്‍ മുക്കുപണ്ടമായി മാറിയെന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ. മുഖ്യമന്ത്രിയുടെ വകുപ്പ് കള്ളക്കടത്തുകാരുടെ ഡപ്യൂട്ടേഷന്‍ കേന്ദ്രമായി മാറി. ഇത്തരം ഇടപാടുകള്‍ക്ക് വേണ്ടിയാണ് ഉപദേശകരെ മുഖ്യമന്ത്രി തീറ്റി പോറ്റുന്നത്. സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ അന്വേഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടുവെന്നാണ് ഇപ്പോഴുള്ള സംഭവ വികാസങ്ങള്‍ നല്‍കുന്ന സൂചന. ജനത്തിനോ മുഖ്യമന്ത്രിക്കോ ഉപകാരമില്ലാത്ത ഉപദേശക വൃന്ദം ഇതിനായാണ് പ്രവര്‍ത്തിച്ചത്. കോണ്‍സുലേറ്റില്‍ നിന്ന് പുറത്താക്കിയ ഒരാളെ എങ്ങനെയാണ് ഐടി വകുപ്പില്‍ നിയമിക്കുക. സ്വപ്ന സുരേഷിനെ ഐടി വകുപ്പില്‍ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കണം. ഡിപ്ലോമാറ്റിക് ചാനല്‍ കള്ളക്കടത്തിനായി തുറന്ന് നല്‍കാന്‍ ഒരു ഉദ്യോഗസ്ഥന്‍ മാത്രം ശ്രമിച്ചാല്‍ സാധിക്കില്ല. അതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്കെന്താണെന്ന് വ്യക്തമാക്കണമെന്നും ഷാഫി ആരോപിച്ചു.