ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയെ മുംബൈ പൊലീസ് ചോദ്യം ചെയ്തു. മൂന്ന് മണിക്കൂറോളമാണ് അദ്ദേഹത്തെ പൊലീസ് ചോദ്യം ചെയ്തത്. സിനിമകളില്‍ നിന്ന് സഞ്ജയ് ലീല ബന്‍സാലി സുശാന്തിനെ ഒഴിവാക്കിയിരുന്നെന്നും ഇത് സുശാന്തില്‍ മാനസിക സമ്മര്‍ദ്ധം ഉണ്ടാക്കിയിരുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു

ബന്‍സാലിയുടെ ചിത്രങ്ങളില്‍ നിന്ന് സുശാന്തിനെ ഒഴിവാക്കാനുള്ള കാരണമാണ് പ്രധാനമായും പൊലീസ് ചോദിച്ചറിഞ്ഞത്. തന്‍്റെ നാലു സിനിമകളില്‍ നിന്ന് സുശാന്തിനെ നീക്കിയിട്ടുണ്ടെന്ന് ബന്‍സാലി പൊലീസിനോട് സമ്മതിച്ചു. താരത്തിന് മറ്റ് തിരക്കുകള്‍ ഉണ്ടായിരുന്നു എന്നും ഡേറ്റ് പ്രശ്നം ആയതിനാലാണ് അദ്ദേഹത്തെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.

സുശാന്തിന്‍്റെ മരണവുമായി ബന്ധപ്പെട്ട് സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ ഒരു അഭിഭാഷകന്‍ ക്രിമിനല്‍ പരാതി നല്‍കിയിരുന്നു. സല്‍മാന്‍ ഖാനൊപ്പം സംവിധായകന്‍ കരണ്‍ ജോഹര്‍, ആദിത്യ ചോപ്ര, സാജിദ് നാദിയാവാല, സഞ്ജയ് ലീലാ ബന്‍സാലി, ഏക്ത കപൂര്‍, സംവിധായകന്‍ ദിനേഷ്, ഭൂഷണ്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.