തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനായി തിരച്ചില്‍ ഊജ്ജിതമാക്കി കസ്റ്റംസ്. യുവതി തിരുവനന്തപുരത്ത് തന്നെയുണ്ടെന്ന് സൂചന. സ്വപ്‌നയുടെ ഫ്ലാറ്റില്‍ കഴിഞ്ഞ ദിവസം ആറുമണിക്കൂര്‍ റെയ്ഡ് നടത്തിയെങ്കിലും അവരെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. യുവതിയുടെ സഹോദരന്റെ സാന്നിദ്ധ്യത്തിലായിരുന്നു റെയ്ഡ്. അതേസമയം സ്വപ്ന ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. വ്യാഴാഴ്ച കസ്റ്റംസിനു മുന്നില്‍ കീഴടങ്ങുമെന്നും സൂചനയുണ്ട്.

ദുബായില്‍ നിന്നെത്തിയ ബാഗ് കസ്റ്റംസ് തുറന്നതായി വിവരം കിട്ടിയപ്പോഴാണ് സ്വപ്‌ന ഒളിവില്‍ പോയത്. അതിന് തൊട്ടുമുന്‍പ് ബാഗ് വിട്ടു നല്‍കാന്‍ ആവശ്യപ്പെട്ട് അവരുടെ ഫോണില്‍ എത്തിയ വിളികള്‍ കസ്റ്റംസ് ശേഖരിച്ചു. ഒരു മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗവും​ സെക്രട്ടേറിയറ്റിലെ രണ്ട് ഉന്നതരും വിളിച്ചു എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊച്ചി,​ ഡല്‍ഹി,​ മുംബയ് എന്നിവിടങ്ങളില്‍ നിന്നും വിളികളെത്തി.