തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്ബില്‍ എംഎല്‍എ. പി.ആര്‍ ഏജന്‍സികളെ ഉപയോഗിച്ചു 916 എന്നു കാണിക്കാന്‍ നോക്കിയ മുഖ്യമന്ത്രി ഇപ്പോള്‍ മുക്കുപണ്ടമായി മാറിയെന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച്‌ കള്ളക്കടത്ത് നടന്നെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് ഷാഫി പറമ്ബില്‍ പറഞ്ഞു. കേരളത്തിലെ ഒരു ഭരണാധികാരിയും നേരിടാത്ത ആരോപണമാണ് പിണറായി നേരിടുന്നത്. പാഴ്സല്‍ തുറന്നു നോക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരാണ് കസ്റ്റംസിനോട് നിര്‍ദേശിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ഷാഫി പറമ്ബില്‍ ആവശ്യപ്പെട്ടു.

സ്വര്‍ണ കള്ളക്കടത്തിന് എല്ലാ ഒത്താശയും കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് ഷാഫി ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഉപദേശകര്‍ എന്തിനു വേണ്ടിയുള്ളവര്‍ ആയിരുന്നുവെന്ന് വെളിപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഇത്തരം ഇടപാടുകള്‍ക്ക് ഇടനിലക്കാരായാണ് ഉപദേശികളെ സര്‍ക്കാര്‍ ചെലവില്‍ തീറ്റിപ്പോറ്റുന്നതെന്നും ഷാഫി പറമ്ബില്‍ വിമര്‍ശിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ഒരാള്‍ എങ്ങനെ കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിന്റെ ഓപ്പറേഷന്‍സ് മാനേജരായി നിയമിക്കപ്പെട്ടു. കോണ്‍സുലേറ്റില്‍ നിന്ന് പുറത്താക്കപ്പെട്ടു എന്ന ആരോപണം നേരിടുന്ന ഒരാളെ എങ്ങനെ സര്‍ക്കാര്‍ തലത്തില്‍ പ്രധാന തസ്തികയില്‍ നിയമിച്ചു എന്ന് വ്യക്തമാക്കണമെന്നും ഷാഫി പറമ്ബില്‍ ആവശ്യപ്പെട്ടു.

സ്വപ്ന സുരേഷിനെ ഐടി വകുപ്പില്‍ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്ന് ഷാഫി പറമ്ബില്‍ ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ചാനല്‍ കള്ളക്കടത്തിനായി തുറന്ന് നല്‍കാന്‍ ഒരു ഉദ്യോഗസ്ഥന്‍ മാത്രം ശ്രമിച്ചാല്‍ സാധിക്കില്ല. അതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്കെന്താണെന്ന് വ്യക്തമാക്കണം. കോണ്‍സുലേറ്റില്‍ നിന്ന് പുറത്താക്കിയ ഒരാളെ എങ്ങനെയാണ് ഐടി വകുപ്പില്‍ നിയമിക്കുകയെന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ ചോദിക്കുന്നു. സര്‍ക്കാര്‍ ചിഹ്നം അടക്കം ഉപയോഗിച്ചാണ് കള്ളക്കടത്ത് നടത്തിയത്. ഐടി വകുപ്പ് കള്ളക്കടത്തുകാരുടേയും അഴിമതിക്കാരുടേയും ഡെപ്യൂട്ടേഷന്‍ സ്ഥാപനമായി മുഖ്യമന്ത്രി മാറ്റിയെന്നും ഷാഫി ആരോപിക്കുന്നു.