നയതന്ത്ര പരിരക്ഷയുടെ മറവില്‍ സ്വര്‍ണം കടത്തിയ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന് കസ്റ്റംസ്.ജൂണ്‍ 30ന് തലസ്ഥാനത്തെത്തിയ കാര്‍ഗോയില്‍ 15 കോടിയുടെ സ്വര്‍ണം കണ്ടെത്തിയത്. യു എ ഇയുടെ ഡിപ്ലോമാറ്റിക്ക് കാര്‍ഗോ വഴിയാണ് സ്വര്‍ണം കടത്തിയത്. പ്രതി സരിത്തിന്റെ റിമാന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്ളത്. ഭക്ഷ്യവസ്തുക്കള്‍ എന്ന പേരിലാണ് സ്വര്‍ണക്കടത്ത് നടത്തിയതെന്നതടക്കമുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. യു എ ഇ കൗണ്‍സുലേറ്റിലെ അറ്റാഷെയുടെ പേരിലാണ് പാര്‍സല്‍ എത്തിയത്. ദുബായില്‍നിന്ന് ഭക്ഷ്യവസ്തുക്കള്‍ എന്ന പേരിലാണ് ഇവ അയച്ചത്.

എന്നാല്‍ ഇതേക്കുറിച്ച്‌ തനിക്ക് അറിയില്ലെന്നാണ് അറബ് സ്വദേശിയായ അറ്റാഷെ നല്‍കിയ മൊഴി. കള്ളകടത്തുമായി തനിക്ക് വ്യക്തിപരമായോ യു എ ഇ കൗണ്‍സുലേറ്റിനൊ ഒരു ബന്ധവുമില്ലെന്ന് അറ്റാഷെ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനത്താവളത്തിലെ നടപടികള്‍ക്കായാണ് മുന്‍ പി ആര്‍ ഒ ആയ സരിത്തിനെ നിയോഗിച്ചത്. സരിത്തിന്റെ ഇടപടെലുകള്‍ പലതും നിയമവിരുദ്ധമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന തരത്തിലാണ് സ്വര്‍ണകടത്ത് നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യു എ ഇയിലെ ഫീസില്‍ എന്നയാള്‍ വഴിയാണ് ബുക്കിംങ് നടത്തിയത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് കസ്റ്റംസ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നത്. ഡിപ്ലോമാറ്റിക്ക് കാര്‍ഗോ വഴി അയക്കുന്ന സാധനങ്ങള്‍ സാധാരണ പരിശോധിക്കാറില്ല. അവയ്ക്ക് പൂര്‍ണ സംരക്ഷണം നല്‍കണമെന്നത് ഇത് സംബന്ധിച്ച്‌ വിയന്ന കണ്‍വെന്‍ഷനില്‍ ഉള്ളതാണ്. അതുകൊണ്ട് തന്നെയാണ് വളരെ ശ്രദ്ധിച്ചാണ് ഇന്ത്യന്‍ ഏജന്‍സികള്‍ ഇക്കാര്യം കൈകാര്യം ചെയ്യുന്നത്. അതിനിടെ സരിത്ത് ഉള്‍പ്പെട്ട എട്ട് ഇടപാടുകളെക്കുറിച്ച്‌ കസ്റ്റംസിന് വിവരം ലഭിച്ചതായാണ് സുചന.

ഇതില്‍ മൂന്ന് ഇടപാടുകളും നടന്നത് ലോക്ഡൗണ്‍ കാലത്താണെന്നാണ് സൂചന. സ്വര്‍ണം കടത്തിയ വകയില്‍ സരിത്തിന് 15 ലക്ഷം രൂപ ലഭിച്ചതായി അദ്ദേഹം തന്നെ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ഇടപാട് നടന്നാല്‍ 10 ലക്ഷം രൂപ സ്വപ്‌നയ്ക്കും 15 രൂപ സരിത്തിനും ലഭിക്കാറുണ്ടായിരുന്നുവത്രെ. പിടിച്ചെടുത്ത സ്വര്‍ണവും സരിത്തിന്റെ കയ്യലിലുള്ള രേഖകളും സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്

കോണ്‍സുലേറ്റിലെ ജോലി പോയതിന് ശേഷവും സരിത്ത് കോണ്‍സുലേറ്റിന്റെ പേരിലെത്തിയ ബാഗുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസിന് ലഭിക്കുന്ന സൂചന.കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒ ആണ് സരിത്ത്. ഇയാളെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് കോണ്‍സുലേറ്റിലെ ഐടി വിഭാഗത്തിലെ മുന്‍ ജീവനക്കാരി സ്വപ്‌ന സുരേഷിന് ഇടപാടില്‍ പങ്കുണ്ടെന്ന് വ്യക്തമായത്. ഇക്കാര്യം സരിത്ത് കസ്റ്റംസ് അധികൃതരോട് പറയുകയായിരുന്നു.

ഇപ്പോഴത്തെ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സ്വപ്നയെ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. സ്വപ്‌നയ്ക്ക് ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി ശിവശങ്കരനുമായി അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം. സ്വപ്‌നയുടെ ഐടി വകുപ്പിലെ നിയമനത്തെക്കുറിച്ചും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.