ചിറയിന്‍കീഴ്: ചിറയിന്‍കീഴ് നിവാസികളുടെ സ്വപ്‌ന പദ്ധതിയായ റെയില്‍ ഓവര്‍ബ്രിഡ്‌ജ് നിര്‍മ്മാണത്തിനുള്ള നടപടികള്‍ക്ക് പുതിയ മാര്‍ഗ നിര്‍ദ്ദേശവുമായി സര്‍ക്കാര്‍. ചിറയിന്‍കീഴ് റെയില്‍വേ ഓവര്‍ബ്രിഡ്‌ജിനുള്ള ടെന്‍ഡര്‍ നടപടികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ചിറയിന്‍കീഴിനെ സംസ്ഥാനത്തെ 10 ഓവര്‍ബ്രിഡ്‌ജുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് അപേക്ഷ ക്ഷണിച്ചത്. നേരത്തെ നടന്ന ടെന്‍ഡറില്‍ രണ്ടുപേരാണ് പങ്കെടുത്തത്. ഒരു കമ്ബനി കരിമ്ബട്ടികയിലുള്ളത് ആയതോടെ ടെന്‍ഡര്‍ അസാധുവായിരുന്നു. ആകെ 88 ഭൂ ഉടമകളില്‍ നിന്നാണ് വലിയകട മുതല്‍ പണ്ടകശാല വരെ നീളുന്ന ഓവര്‍ബ്രിഡ്‌ജിനായി സ്ഥലം ഏറ്റെടുക്കുന്നത്. ഇതില്‍ 81പേരുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. ബാക്കിയുള്ളവരുടെ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങളും മതിലുകളും പൊളിച്ചുമാറ്റല്‍ ഏറക്കുറെ പൂര്‍ത്തിയായി. 10 കോടി രൂപ ഇതുവരെ നഷ്ടപരിഹാരമായി നല്‍കിയിട്ടുണ്ട്. ബാക്കി നഷ്ടപരിഹാരം നല്‍കാനായി 1.58 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഓവര്‍ബ്രിഡ്‌ജിന്റെ ഇരുവശത്തുമായി അപ്രോച്ച്‌ റോഡും വലിയകട ജംഗ്ഷനില്‍ ട്രാഫിക് ഐലന്റും നിര്‍മ്മിക്കാനാണ് രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്.