തിരുവനന്തപുരം: പാലത്തായി പോക്സോ കേസിലെ പ്രതിയും ബി.ജെ.പി നേതാവുമായ കെ. പത്മരാജനെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറോട് കത്തിലൂടെ ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര. പത്മരാജനെ രക്ഷിച്ചെടുക്കാനുള്ള ശ്രമം നടക്കുകയാണെന്നും പ്രതിയെ യാതൊരു തരത്തിലും രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും ശ്രീജ തന്റെ കത്തിലൂടെ ആവശ്യപ്പെടുന്നു. നീതി നടപ്പിലാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ശ്രീജ നെയ്യാറ്റിന്‍കര ആരോഗ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു.

കത്തിന്റെ പൂര്‍ണരൂപം ചുവടെ:

‘പത്മരാജന്‍ കേസില്‍ 9 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഒരു ശ്രമം കൂടെ നടത്തുകയാണ്

ശൈലജ ടീച്ചര്‍ക്ക് ഏറെ പ്രതീക്ഷയോടെ ഒരു കത്ത്.

സ്വീകര്‍ത്താവ്

ശ്രീമതി. ശൈലജ ടീച്ചര്‍
ആരോഗ്യ വകുപ്പ്
ഗവ.സെക്രട്ടറിയേറ്റ്
തിരുവനന്തപുരം.

വിഷയം:- ബിജെപി നേതാവ് പത്മരാജന്‍ പ്രതിയായ പോക്സോ കേസ്

ബഹുമാന്യയായ ശൈലജ ടീച്ചറിന്,

ലോകം മുഴുവന്‍ പടര്‍ന്നു പിടിച്ച മഹാരോഗത്തെ ചെറുത്തു നില്‍ക്കാന്‍ കേരളീയരെ പ്രാപ്തരാക്കുന്നതില്‍ ഉത്തരവാദപ്പെട്ട വകുപ്പ് മന്ത്രി എന്ന നിലയില്‍ താങ്കളുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്. എന്നാല്‍ നമ്മുടെ കേരളത്തില്‍ ഏറെ വിവാദം ഉണ്ടാകുകയും ഒടുവില്‍ താങ്കളുടെ ജാഗ്രതയുടെ ഫലമായി പൊലീസ് അറസ്റ്റ് ചെയ്യേണ്ടി വന്നതുമായ സംഭവമാണ് കണ്ണൂര്‍ പാലത്തായിലെ ബിജെപി നേതാവ് പത്മരാജന്‍ പ്രതിയായ പോക്സോ കേസ്.

നിലവിലെ സാഹചര്യത്തില്‍ 81 ദിവസങ്ങള്‍ പിന്നിടുകയാണ് 9 ദിവസത്തിനുള്ളില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം കോടതിയില്‍ ഹാജരാക്കിയില്ലെങ്കില്‍ പോക്സോ കേസ് പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ നിയമപരമായ അവകാശം ഉണ്ട്.

പ്രാഥമികാന്വേഷണം എന്ന നിലയില്‍ കുട്ടിയുടെ മൊഴി പോലും രേഖപ്പെടുത്താത്ത ക്രൈം ബ്രാഞ്ച് വരുന്ന ഒന്‍പതു ദിവസങ്ങള്‍ക്കുള്ളില്‍ എങ്ങനെ കുറ്റപത്രം സമര്‍പ്പിക്കും എന്ന സംശയം ബാക്കി നില്‍ക്കുകയാണ് മൊഴി എടുക്കാന്‍ കുട്ടിയുടെ പീഡനം ഏല്‍പ്പിച്ച മാനസിക ആഘാതം കാരണം സാധാരണ നിലയില്‍ ആയിട്ടില്ല എന്ന് പറയുന്ന ക്രൈം ബ്രാഞ്ച് കുട്ടിയെ തിരിച്ചു കൊണ്ടു വരാന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാരുടെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ് എന്ന് പറയുന്നു.

പ്രതി പത്മരാജന്‍ കുട്ടിയെ കൈമാറി എന്ന മാതാവിന്റെ മറ്റൊരു പരാതി കൂടിയുണ്ട്. ആ പരാതിയിന്മേല്‍ എഫ് ഐ ആര്‍ എടുത്തിട്ടില്ല. പ്രസ്തുത എഫ് ഐ ആര്‍ കോടതിയില്‍ സമര്‍പ്പിച്ചാല്‍ കുട്ടിയെ കൈമാറിയ പത്മരാജന് ജാമ്യം നിഷേധിക്കുവാനുള്ള സാധ്യത ഉള്ളത് മറികടക്കുവാനും ഒപ്പം പത്മരാജനെ രക്ഷിക്കാനുള്ള ആസൂത്രിതമായ ശ്രമത്തിന്റെ ഭാഗവുമാണിതെന്നു മനസ്സിലാക്കുന്നു. കേസ് അട്ടിമറിക്കുന്നതിന് ആദ്യമേ തന്നെ ശ്രമം നടക്കുന്നതായി ആരോപണം ഉള്ള ഒരു കേസ് ആണിത്.

സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം താങ്കളുടെ വകുപ്പില്‍ ഉള്‍പ്പെടുന്നതായതിനാലും ഒപ്പം ഈ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഇടപെട്ടതിനാലും അതിലുപരി പീഡിപ്പിക്കപ്പെട്ട ഒരു ബാലികയുടെ അമ്മയുടെ വികാരങ്ങളും വേദനകളും ഒരു സ്ത്രീ എന്ന നിലയില്‍ മനസിലാകും എന്നും പ്രതിയെ യാതൊരു തരത്തിലും രക്ഷപെടാന്‍ അനുവദിക്കരുതെന്നും അതുകൊണ്ടു തന്നെ നീതി നടപ്പിലാക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും താല്‍പര്യപ്പെടുന്നു.

ആദരപൂര്‍വം,
ശ്രീജ നെയ്യാറ്റിന്‍കര.’