ജനീവ : സ്വിറ്റ്സര്‍ലന്‍ഡില്‍ സന്ദര്‍ശകരുടെയും ജീവനക്കാരുടെയും കണ്‍മുന്നില്‍ സൈബീരിയന്‍ കടുവയുടെ ആക്രമണത്തില്‍ മൃഗശാല ജീവനക്കാരിയ്ക്ക് ദാരുണാന്ത്യം. സൂറിച്ച്‌ മൃഗശാലയിലാണ് 55 കാരിയായ ജീവനക്കാരിയെ കടുവ കൊന്നത്. മൃഗശാല അധികൃതര്‍ ചേര്‍ന്ന് ഇവരെ കടുവയുടെ കൂടിന് പുറത്തെത്തിച്ച്‌ വൈദ്യസഹായം നല്‍കിയെങ്കിലും തത്ക്ഷണം മരിച്ചു. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്ക് 1.20 ഓടെയാണ് അപകടം. കടുവ കൂട്ടിലുണ്ടായിരുന്ന സമയത്ത് ജീവനക്കാരി എങ്ങനെ ഉള്ളിലെത്തിയെന്നത് സംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചു.

2015ല്‍ ഡെന്‍മാര്‍ക്കിലെ ഒരു മൃഗശാലയില്‍ ജനിച്ച ഐറിന എന്ന കടുവയാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ വര്‍ഷമാണ് ഈ കടുവയെ സൂറിച്ച്‌ മൃഗശാലയിലെത്തിച്ചത്. ആക്രമണം നേരിട്ട് കണ്ട് പരിഭ്രാന്തരായ സന്ദര്‍ശകര്‍ക്ക് അധികൃതര്‍ കൗണ്‍സിലിംഗ് നല്‍കി. സൂറിച്ച്‌ മൃഗശാലയില്‍ അതാദ്യമായല്ല ജീവനക്കാരെ മൃഗങ്ങള്‍ ആക്രമിക്കുന്നത്. 2019 ഡിസംബറില്‍ കൂട് വൃത്തിയാക്കുന്നതിനിടെ ഒരു ജീവനക്കാരന്റെ കൈയ്യില്‍ മുതല കടിച്ചിരുന്നു. ഒടുവില്‍ മുതലയെ വെടിവച്ചാണ് ജീവനക്കാരനെ രക്ഷിച്ചത്. കൊവിഡ് ലോക്ക്ഡൗണിന് ശേഷം അടുത്തിടെയാണ് സൂറിച്ച്‌ മൃഗശാല സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തത്.