ജൂണ്‍ 15ന് ഇന്ത്യയുടെ 20 ജവാന്മാര്‍ കൊല്ലപ്പെട്ട ഗല്‍വാന്‍ സംഘര്‍ഷം നടന്ന് ആഴ്ചകള്‍ക്ക് ശേഷം ലഡാക്കിലെ ഇന്ത്യന്‍ മണ്ണില്‍നിന്ന് ചൈനീസ് പട്ടാളം ഒരു കിലോമീറ്ററോളം പിന്‍വാങ്ങി. അതിര്‍ത്തിയില്‍ സ്ഥിതി പൂര്‍വസ്ഥിതിയിലാക്കുന്നതിന്റെ ആദ്യ ചുടവുകള്‍ എന്നാണ് സൈനിക വൃത്തങ്ങള്‍ ഇതേ കുറിച്ച്‌ അറിയിച്ചത്. ഗല്‍വാന്‍ താഴ് വരയില്‍നിന്നും ഗോഗ്ര ഹോട്ടസ്പ്രിങില്‍നിന്നുമാണ് ചൈനീസ് സൈന്യം പിന്‍വാങ്ങിയത്.

മൂന്ന് ദിവസം മുമ്ബ് പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കില്‍ എത്തി സൈനികരെ അഭിസംബന്ധന ചെയ്തിരുന്നു. അധിനിവേശങ്ങളുടെ കാലം കഴിഞ്ഞു എന്നായിരുന്നു ചൈനയുടെ പേരെടുത്തുപറയാതെ പ്രധാനമന്ത്രിയുടെ ലഡാക്കിലെ പ്രസംഗം.

ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ ഇനി ചൈനീസ് പട്ടാളത്തിന്റെ സാന്നിധ്യം ഉണ്ടാകില്ലെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഗല്‍വാനില്‍ 20 ഇന്ത്യന്‍ ജവാന്മാര്‍ കൊല്ലപ്പെട്ടതിന് സംഘര്‍ഷത്തിന് ശേഷം നടന്ന സര്‍വകക്ഷിയോഗത്തില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ആരും കടന്നില്ലെന്നും രാജ്യത്തിന്റെ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇത് രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി.

ഗല്‍വാനില്‍ സംഘര്‍ഷം നടന്ന പ്രദേശത്തുനിന്ന് ചൈനീസ് സൈന്യം ഒരുകിലോമീറ്റോറളമാണ് പിന്‍വാങ്ങിയത്. അവിടെ കെട്ടി ഉയര്‍ത്തിയിരുന്ന ടെന്റുകളും നീക്കം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

ഞായറാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി യുമായി രണ്ട് മണിക്കൂര്‍ നേരം ടെലഫോണ്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഈ ചര്‍ച്ചകളില്‍ അതിര്‍ത്തി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള പൊതുവായ ധാരണ ഉണ്ടായതായി ചൈനയും ഔദ്യോഗികമായി വ്യക്തമാക്കി.

അതിര്‍ത്തിയില്‍ സമാധാനം ഉറപ്പാക്കുന്നതിന് യഥാര്‍ഥ നിയന്ത്രണ രേഖയില്‍നിന്ന് സൈനകരുടെ സാന്നിധ്യം പൂര്‍ണമായി ഒഴിവാക്കുന്നതിന് ധാരണയായി എന്നും അതിര്‍ത്തി കടന്നുള്ള സൈനിക സാന്നിധ്യം പൂര്‍ണമായി പിന്‍വാങ്ങണം എന്നുമായിരുന്നു ധാരണ.

ജൂണ്‍ 30നായിരുന്ന സൈനിക തലത്തില്‍ നടന്ന മുന്നാം വട്ട ചര്‍ച്ച. 12 മണിക്കൂര്‍ നീണ്ട ഈ ചര്‍ച്ചയില്‍ തന്നെ സൈനിക പിന്‍മാറ്റത്തിനുള്ള ധാരണകള്‍ രൂപപ്പെട്ടിരുന്നു. രണ്ടാഴ്ചയാണ് പിന്‍മാറ്റത്തിനുള്ള സമയം നിശ്ചയിച്ചത്. ജൂലൈ 14 ഓടെ മാത്രമേ ചൈനീസ് സേനയുടെ പൂര്‍ണ പിന്മാറ്റം പ്രതീക്ഷിക്കപ്പെടുന്നുള്ളൂ. സൈനിക തലത്തിലുള്ള ചര്‍ച്ചകള്‍ ഈ ഘട്ടത്തിലും നടക്കും.

ഉഭയകക്ഷി ബന്ധം നിലനിര്‍ത്തുന്നതിന് ഈ സങ്കീര്‍ണമായ പ്രശ്‌നത്തെ ഒരുമിച്ച്‌ പരിഹരിക്കേണ്ടതുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. തര്‍ക്കം പരിഹിക്കുന്നതിന് ഇരുരാജ്യങ്ങളും പ്രത്യേകം ചുമതലപ്പെടുത്തിയതായിരുന്നു അജിത് ഡോവലിനെയും വാങ്ങിനെയും. നിലവിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ ചര്‍ച്ചയില്‍ ധാരണയില്‍ എത്തിയതായി ചൈന പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.