സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഐടി സെക്രട്ടറി സ്വപ്നയെ കേസില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമം നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കസ്റ്റംസിനെ വിളിച്ചു. ഐടി സെക്രട്ടറിയുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോകമായി മാറി. സ്വപ്‌നയെക്കുറിച്ച് പൊലീസ് ഇന്റലിജന്‍സ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന ഐടി വകുപ്പില്‍ സുപ്രധാന വകുപ്പില്‍ ഇരിക്കുന്ന വ്യക്തിയാണ് കള്ളക്കടത്തിന് നേതൃത്വം നല്‍കിയത്. മുതിര്‍ന്ന് ഐഎഎസ് ഉദ്യോഗസ്ഥന്റെ ഒത്താശയോടെയാണ് ഐടി വകുപ്പില്‍ സുപ്രധാന ചുമതലയില്‍ സ്വപ്‌ന എത്തിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരയെന്ന് കരുതുന്ന സ്വപ്ന സുരേഷിനെ ഐടി വകുപ്പില്‍ നിന്ന് പിരിച്ചുവിട്ടു. കരാര്‍ നിയമനമായിരുന്നു സ്വപ്‌നയുടെത്. സ്‌പെയ്‌സ് പാര്‍ക്കിന്റെ ചുമതലയായിരുന്നു സ്വപ്‌ന സുരേഷിന് നല്‍കിയിരുന്നത്.

നേരത്തെ തന്നെ സ്വപ്‌നയുടെ ജോലി കരാര്‍ അവസാനിച്ചിരുന്നു. ആറ് മാസത്തെ കരാര്‍ കാലാവധി അവസാനിച്ചിരുന്നിട്ടും ഐടി വകുപ്പില്‍ തന്നെ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുകയായിരുന്നു സ്വപ്‌ന. ജനുവരിയില്‍ സ്‌പെയ്‌സ് പാര്‍ക്കുമായി ബന്ധപ്പെട്ട് ഐടി വകുപ്പ് നടത്തിയ ഇവന്റിന്റെ പ്രധാന സംഘാടകയായിരുന്നു ഇവര്‍. സ്വപ്‌നയ്ക്ക് യുഎഇ കോണ്‍സുലേറ്റിലും വിദേശ കമ്പനികളിലും ജോലി ചെയ്ത പ്രവര്‍ത്തി പരിചയമുണ്ട്.