തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കത്ത് അന്വേഷണം മേൽത്തട്ടിലേക്ക്. സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രക ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്‌ന സുരേഷാണെന്ന വിവരം പുറത്തുവന്നു. നിലവിൽ ഐടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ആന്റ് ഇൻഫ്രാസ്ട്രക്ചറിൽ ഓപ്പറേഷൻസ് മാനേജറാണ്. ഇവർ മുൻപ് യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. ഇവർ ഒളിവിലാണെന്നാണ് വിവരം.

അതേസമയം, കസ്റ്റംസ് കസ്റ്റഡിയിലുള്ള കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സരിത്, കോൺസുലേറ്റ് പിആർഒ എന്ന വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയതായി അധികൃതർ അറിയിച്ചു. ഇതുപയോഗിച്ചാണ് സരിത് സ്വർണക്കടത്ത് നടത്തി വന്നത്. സരിതിനെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിൽ അഞ്ച് പേർക്ക് കൂടി പങ്കുള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്.

സംഘം മുൻപും കള്ളക്കടത്ത് നടത്തിയെന്ന് സൂചനയുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് സ്വർണ്ണം പുറത്തെത്തിച്ചിരുന്നത്. കോൺസുലേറ്റിലേക്കുള്ള ബാഗേജ് പരിശോധിക്കാൻ അവകാശമില്ലെന്നായിരുന്നു ന്യായം. ഇതനുസരിച്ച് കസ്റ്റംസ് പരിശോധന നടത്തിയിരുന്നില്ല. സംഭവത്തിൽ വിശദമായ അന്വേഷണം ഉണ്ടാകും. തുടർ നടപടിയിൽ നിയമോപദേശം തേടാനാണ് കസ്റ്റംസിന്റെ തീരുമാനം.

ഇന്നലെയാണ് 15 കോടി വിലമതിപ്പുള്ള 30 കിലോയോളം വരുന്ന സ്വർണം തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് പിടിച്ചെടുത്തത്. സ്റ്റീൽ പൈപ്പുകൾക്കുള്ളിലാണ് സ്വർണം ഉണ്ടായിരുന്നത്. പല ബോക്സുകളിലായി സ്വർണം എത്തിയത് ദുബായിൽ നിന്നാണ്. കസ്റ്റംസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.