അതിർത്തിയിൽ പ്രകോപനം സ്യഷ്ടിച്ച മേഖലകളിൽ നിന്ന് ചൈനീസ് സൈന്യം പിന്മാറ്റം തുടങ്ങി. ഇന്ത്യൻ സൈനികരെ ആക്രമിച്ച ഗാൽവാൻ മേഖലയിൽ നിന്നടക്കം രണ്ട് കിലോമീറ്റർ വരെ ചില മേഖലകളിൽ ചൈനീസ് സൈന്യം പിന്മാറ്റം നടത്തി എന്നാണ് റിപ്പോർട്ട്. അതിർത്തിയിൽ ചൈനീസ് സേന വാഗ്ദാനം ചെയ്തത് പോലെ പിന്മാറ്റം സമയബന്ധിതമായി നടപ്പാക്കാൻ ശ്രമം നടത്താത്തതിനെതിരെ ഇന്ത്യൻ സൈന്യം ചൈനീസ് സൈന്യത്തെ അമർഷം അറിയിച്ചിരുന്നു. ഇതേതുടർന്നാണ് സൈനിക പിന്മാറ്റം. പക്ഷേ ഏപ്രിലിന് മുൻപുള്ള സാഹചര്യത്തിലേക്ക് വേഗത്തിൽ എത്തിക്കാൻ രണ്ട് മാസത്തിലധികം വേണ്ടിവരും.

അതിർത്തിയിൽ നിന്നും സമയബന്ധിതമായ പിന്മാറ്റമായിരുന്നു മൂന്നാം സൈനികതല ചർച്ചയിലെ ചൈനയുടെ വാഗ്ദാനം. യഥാർഥ നിയന്ത്രണ രേഖയിൽ നേരിട്ടെത്തി ഇക്കാര്യം പരിശോധിക്കാൻ ഇന്ത്യൻ സൈന്യം പട്രോളിംഗ് സംഘത്തെ കഴിഞ്ഞ ദിവസം ഏർപ്പെടുത്തി. ഗൽവാൻ, ഹോട്‌സ്പ്രിങ്‌സ് എന്നിവിടങ്ങളിൽ അടക്കം ഇന്ത്യയുടെ പട്രോൾ സംഘങ്ങൾ എത്തി പരിശോധന നടത്തി. ഇവിടെ നിന്നെല്ലാം വാഗ്ദാനം ചെയ്തത് പോലെയുള്ള പിന്മാറ്റത്തിന് ചൈന തയ്യാറായിട്ടില്ല എന്നാണ് തുടർന്ന് ബോധ്യപ്പെട്ടത്. ഇക്കാര്യത്തിൽ അമർഷം ഇന്ത്യൻ സേന ചൈനീസ് സേനയെ അറിയിച്ചു. തുടർന്നാണ് പിന്മാറ്റ നടപടികൾ തുടങ്ങിയത്.

ഇപ്പോൾ ഗാൽവാൻ അടക്കമുള്ള മേഖലകളിൽ നിന്നും ഒന്നുമുതൽ രണ്ട് വരെ കിലോമീറ്റർ വരെ പിന്മാറി ചൈനിസ് സേന നിലയുറപ്പിച്ചിരിക്കുകയാണ്. പിന്മാറ്റം ആരംഭിച്ചു എന്ന് തോന്നിപ്പിക്കുന്ന ഈ നടപടി വാഗ്ദാനം പാലിയ്ക്കാനായുള്ള ആത്മാർത്ഥമായ നീക്കമായി ഇന്ത്യൻ വിഭാഗം ഇപ്പോഴും കണക്കാക്കുന്നില്ല. ഇപ്പൊഴത്തെ രീതിയിൽ പരിശോധനയ്ക്ക് പോയപ്പോഴാണ് ജൂൺ 15ന് ഗാൽവാനിൽ ഇന്ത്യൻ സേന ആക്രമണത്തിനിരയായത്. അതുകൊണ്ട് തന്നെ അതീവ ജാഗ്രത പാലിച്ചാണ് പട്രോളിങ്ങ് സംഘത്തിന്റെ നിരീക്ഷണം. പ്രത്യേക പ്രതിനിധികളുടെ ചർച്ചയ്ക്ക് ഇരു രാജ്യങ്ങളും ഇതിനകം തീരുമാനിച്ചിട്ടുണ്ട്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള പ്രതിനിധി.