തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ താഴെപ്പറയുന്ന രീതിയില്‍ സര്‍വീസുകള്‍ ക്രമീകരിക്കുന്നതാണ്.

തിരുവനന്തപുരം നഗര പരിധിക്കുള്ളില്‍ പൊതു ഗതാഗതം നിര്‍ത്തി വയ്ക്കുന്നതിനാല്‍ പാപ്പനംകോട്, തിരു: സിറ്റി, തിരു: സെന്‍ട്രല്‍, പേരൂര്‍ക്കട, വികാസ് ഭവന്‍, വിഴിഞ്ഞം യൂണിറ്റുകളില്‍ നിന്ന് സര്‍വ്വീസ് ഉണ്ടായിരിക്കുന്നതല്ല.

എംസി റോഡില്‍ ഓര്‍ഡിനറി സര്‍വീസുകള്‍ മരുതൂര്‍ ജംഗ്ഷന്‍ വരെ സര്‍വ്വീസ് നടത്തുന്നതാണ്. നെടുമങ്ങാട്, വെഞ്ഞാറമ്മൂട് ഡിപ്പോകള്‍ സംയുക്തമായി ഈ റൂട്ടിലുള്ള സര്‍വീസുകള്‍ ആവശ്യാനുസരണം ക്രമീകരിക്കുന്നതാണ്.

ആറ്റിങ്ങല്‍ – തിരുവനന്തപുരം റൂട്ടില്‍ കണിയാപുരം വരെ സര്‍വ്വീസുകള്‍ നടത്തുന്നതാണ്.

മലയിന്‍കീഴ് – പേയാട് റൂട്ടില്‍ കുണ്ടമണ്‍കടവ് വരെ സര്‍വ്വീസ് നടത്തുന്നതാണ്. കൂടാതെ കാട്ടാക്കട, വെള്ളറട യൂണിറ്റുകള്‍ ഈ റൂട്ടില്‍ യാത്രക്കാരുടെ ആവശ്യാര്‍ത്ഥം സര്‍വ്വീസുകള്‍ ക്രമീകരിക്കുന്നതാണ്.

മലയിന്‍കീഴ് – പാപ്പനംകോട് റൂട്ടില്‍ പാമാംകോട് വരെ യാത്രക്കാരുടെ തിരക്ക് അനുസരിച്ച്‌ ആവശ്യമെങ്കില്‍ കാട്ടാക്കട യൂണിറ്റില്‍ നിന്ന് സര്‍വ്വീസ് നടത്തുന്നതാണ്.

തിരുവനന്തപുരം – കളിയിക്കാവിള റൂട്ടില്‍ പ്രാവച്ചമ്ബലം ജംഗ്ഷനില്‍ എത്തി വലിയറത്തല റൂട്ടിലൂടെ തിരികെ പോകുന്ന വിധത്തില്‍ സര്‍വ്വീസുകള്‍ ക്രമീകരിക്കുന്നതാണ്. നെയ്യാറ്റിന്‍കര, പാറശ്ശാല യൂണിറ്റുകള്‍ സംയുക്തമായി ഈ റൂട്ടിലെ സര്‍വ്വീസുകള്‍ ക്രമീകരിക്കുന്നതാണ്.

വിഴിഞ്ഞം – പൂവാര്‍ റൂട്ടില്‍ ചപ്പാത്ത് വരെ മാത്രമേ സര്‍വീസ് ഉണ്ടായിരിക്കുകയുള്ളൂ. പൂവാര്‍ യൂണിറ്റില്‍ നിന്നും ആവശ്യാനുസരണം സര്‍വ്വീസ് നടത്തുന്നതാണ്.

പേരൂര്‍ക്കട – നെടുമങ്ങാട് റൂട്ടില്‍ ആറാം കല്ല് ജംഗ്ഷന്‍ വരെ സര്‍വ്വീസ് ക്രമീകരിക്കുന്നതാണ്. നെടുമങ്ങാട് യൂണിറ്റ് ഈ റൂട്ടില്‍ അധികമായി സര്‍വീസുകള്‍ യാത്രക്കാരുടെ തിരക്കിനനുസരിച്ച്‌ ഓപ്പറേറ്റ് ചെയ്യുന്നതാണ്.

എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍ ഡ്യൂട്ടികള്‍ക്ക് ആവശ്യമായ ജീവനക്കാരെ മുന്‍കൂട്ടി അറിയിച്ച്‌ എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. നിലവില്‍ എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍ ഡ്യൂട്ടികളുടെ ചുമതലയുള്ള യൂണിറ്റധികാരികള്‍ ആയത് കൃത്യമായി നിര്‍വ്വഹിക്കുന്നതാണ്.

വിദേശരാജ്യങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ക്കായി കെഎസ്‌ആര്‍ടിസി തിരുവനന്തപുരം എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രത്യേക സര്‍വീസുകള്‍ നടത്തുന്നതാണ്.

നെയ്യാറ്റിന്‍കര നിന്നുള്ള ബോണ്ട് സര്‍വീസ് നിയന്ത്രണം തീരുന്നതുവരെ ഉണ്ടായിരിക്കുന്നതല്ല.

നഗരത്തിനുള്ളിലെ യൂണിറ്റുകളില്‍ ഡ്യൂട്ടിയിലുള്ള ജീവനക്കാരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ജില്ലാ കളക്ടറേറ്റില്‍ നിന്നും ആവശ്യപ്പെടുന്ന പക്ഷം നിബന്ധനകള്‍ക്ക് വിധേയമായി സര്‍വീസുകള്‍ ക്രമീകരിക്കുന്നതാണ്.

കെഎസ്‌ആര്‍ടിസി റിലേ സര്‍വീസുകള്‍ കൊല്ലത്ത് നിന്നും ആലപ്പുഴ റൂട്ടിലേക്ക് ഓപ്പറേറ്റ് ചെയ്യുന്നതാണ്.

വടക്കന്‍ മേഖലകളില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള സര്‍വീസുകള്‍ നാഷണല്‍ ഹൈവേയില്‍ ആറ്റിങ്ങല്‍ വരെയും എം.സി. റോഡില്‍ വെഞ്ഞാറമൂട് വരിയും സര്‍വീസ് അവസാനിപ്പിച്ച്‌ തിരിച്ചു പോകേണ്ടതാണ്. ചീഫ് ഓഫീസടക്കം നഗര പരിധിയിലെ കെഎസ്‌ആര്‍ടിസി ഓഫിസുകളും, പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്ഷോപ്പും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ കാലത്തു പ്രവര്‍ത്തിക്കുന്നതല്ല. എന്നാല്‍ സെക്യൂരിറ്റി, കണ്‍ട്രോള്‍റൂം, അവശ്യ സര്‍വീസുകള്‍ക്കായുള്ള ഡിപ്പോകളിലെ ടിക്കറ്റ് & ക്യാഷ് കൗണ്ടറുകള്‍ എന്നിവയ്ക്ക് ഈ നിയന്ത്രണം ബാധകമായിരിക്കില്ല.