മലയാള സിനിമാ താരങ്ങള്‍ പ്രതിഫലം കുറയ്ക്കും എന്ന അമ്മ എക്‌സിക്യൂട്ടീവിന്റെ തീരുമാനത്തിന് പിന്നാലെ വിശദീകരണവുമായി മലയാളം സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ (മാക്ട). ചെയര്‍മാന്‍ ജയരാജ് ഒപ്പിട്ട പ്രസ്താവനയില്‍ ഈ തീരുമാനത്തില്‍ മാക്ടക്ക് ഒരു പങ്കുമില്ല എന്നറിയിക്കുന്നു.

“ചലച്ചിത്രപ്രവര്‍ത്തകരുടെ തൊഴില്‍പരമായ കാര്യങ്ങളിലും വേതന കാര്യങ്ങളിലും മാക്ട യാതൊരു വിധത്തിലും ഇടപെടാറില്ല.

ചലച്ചിത്ര പ്രവര്‍ത്തകരുടെ വേതനം 50 ശതമാനവും ദിവസവേതനക്കാരുടേത് 25 ശതമാനവുമായി കുറയ്ക്കാന്‍ തയാറാണെന്നും ഈ വിവരം പ്രൊഡ്യൂസഴ്സ് അസ്സോസിയേഷനെയും ഫിലിം ചേംബറിനെയും അറിയിച്ചിട്ടുണ്ടെന്നും പല പ്രമുഖ ചാനലുകളിലും ‘മാക്ട’യുടെ പേരില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍ മലയാളം സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന് യാതൊരു പങ്കുമില്ലെന്ന് അറിയിച്ചുകൊള്ളുന്നു.” എന്നാണ് പ്രസ്താവന. കോവിഡിന്റെ സാമ്ബത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചലച്ചിത്ര താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് അമ്മ എക്‌സിക്യൂട്ടീവ് വിഷയം ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തത്.