ന്യൂഡല്‍ഹി: രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 6.90 ലക്ഷം കടന്നതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ റഷ്യയെ പിന്തള്ളി ഇന്ത്യ മൂന്നാമതെത്തി. അമേരിക്കയും ബ്രസീലുമാണ് ഒന്നും രണ്ട് സ്ഥാനത്ത്.

വേള്‍ഡോ മീറ്ററിന്റെ കണക്കനുസരിച്ച്‌ റഷ്യയില്‍ 6,81,251, ബ്രസീലില്‍ 15,78,376, അമേരിക്കയില്‍ 29,54,999 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. ഇന്ത്യയിലെ പ്രതിദിന രോഗബാധിതരുടെ എണ്ണം 25,000ത്തിനോട് അടുക്കുകയാണ്. അസം, കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ കര്‍ശനമാക്കിയിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ 6555 കേസുകളും 151 മരണവും റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 63 പേര്‍ മരിച്ചതോടെ ആകെ മരണസംഖ്യ 1500 കടന്നു. ഡല്‍ഹിയില്‍ ഇന്നലെ 2244 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 99,444 ആയി. കര്‍ണാടകയിലും കോവിഡ് കേസുകള്‍ ഉയരുകയാണ്. ഇന്നലെ മാത്രം 1925 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

രാജ്യത്തെ ഏറ്റവും വലിയ കോവിഡ് ചികിത്സാകേന്ദ്രമായ ഡല്‍ഹി ഛത്തര്‍പൂരിലെ സര്‍ദാര്‍ പട്ടേല്‍ കോവിഡ് കെയര്‍ സെന്ററില്‍ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി. പതിനായിരത്തിലേറെ കിടക്കകളാണ് ഇവിടെ സജ്ജമാക്കുന്നത്. 10 ശതമാനം കിടക്കകള്‍ക്ക് ഓക്സിജന്‍ സൗകര്യമുണ്ട്. പരിചരിക്കാന്‍ മൂവായിരത്തോളം ആരോഗ്യപ്രവര്‍ത്തകരും 57 ആംബുലന്‍സും ഇ റിക്ഷകളും സജ്ജമാക്കി.